രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രം; ഇന്ന് നിർണായക കൂടിക്കാഴ്ച
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ചർച്ചയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക്കുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ചിരുന്നു. ഇന്നും അദ്ദേഹം കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി സംസാരിക്കുമെന്നാണ് റിപ്പോർട്ട്.
മമത ബാനർജിയുമായും നവീൻ പട്നായിക്കുമായും നടത്തിയ ചർച്ചയിൽ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരുടെയും പേര് രാജ്നാഥ് സിംഗ് മുന്നോട്ടു വച്ചില്ല. എന്നാൽ സർക്കാരിൻ്റെ പക്ഷത്തു നിന്ന് ഇതുവരെ ആരും സംസാരിച്ചില്ലെന്നും ഗോപാൽകൃഷ്ണ ഗാന്ധിയെ പോലൊരാളെ രാഷ്ട്രപതിയാക്കിയാൽ സമവായം ആകാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതാ ബാനർജി ഇന്നലെ വിളിച്ചു ചേർത്ത യോഗം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിലേക്കുള്ള സൂചനയായി മാറി. ഭൂരിപക്ഷം ബിജെപി വിരുദ്ധ കക്ഷികളും യോഗത്തിൽ സാന്നിധ്യം അറിയിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ശിവസേന, സിപിഐ എം, സിപിഐ, സിപിഐ എംഎൽ, സമാജ്വാദി പാർട്ടി, മുസ്ലിം ലീഗ്, എൻസിപി, ആർഎസ്പി, പിഡിപി, നാഷണൽ കോൺഫറൻസ്, രാഷ്ട്രീയ ജനതാദൾ,രാഷ്ട്രീയ ലോക്ദൾ, ജനതാദൾ സെക്കുലർ, ഝാർഖണ്ഡ് മുക്തിമോർച്ച എന്നിങ്ങനെ 17 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം, ടിആർഎസ്, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ, അകാലിദൾ എന്നീ കക്ഷികൾ യോഗത്തിൽ നിന്നും വിട്ടുനിന്നു.