രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയില്‍ തീരുമാനമായില്ല; മമത വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗം പിരിഞ്ഞു
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് തീരുമാനമാകാതെ മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗം പിരിഞ്ഞു. ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരും ഫറൂഖ് അബ്ദുള്ളയുടെ പേരും മമത മുന്നോട്ടു വച്ചിരുന്നു. അതിനിടെ മമത ബാനര്‍ജി കൊണ്ടു വന്ന പ്രമേയം പ്രതിപക്ഷ യോഗത്തില്‍ തര്‍ക്കത്തിന് വഴിയൊരുക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നാലുവരി മാത്രം അംഗീകരിച്ചു കൊണ്ട് പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു.
താന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ശരദ് പവാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ വിമുഖത അറിയിച്ചത്. പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്കി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഇടത് നേതാക്കളെ നേരത്തെ തന്നെ ശരദ് പവാര്‍ അറിയിച്ചിരുന്നു. സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടു വച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന നിലപാടാണ് ശരദ് പവാര്‍ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു. പകരം ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശമാണ് നേരത്തെ പവാര്‍ മുന്നോട്ടുവെച്ചത്.
പവാര്‍ പിന്‍വാങ്ങിയതിനാല്‍ ഗുലാംനബി ആസാദ്, യശ്വന്ത് സിന്‍ഹ, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. ഗുലാം നബിയാണ് കോണ്‍ഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഗുലാം നബി ആസാദുമായി നേതാക്കളില്‍ ചിലര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ടെങ്കിലും ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കള്‍.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, സമാജ്വാദി പാര്‍ട്ടി, ആര്‍എല്‍ഡി, ശിവസേന, എന്‍സിപി, ഡിഎംകെ, പിഡിപി, എന്‍സി, ആര്‍ജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎല്‍ എന്നിങ്ങനെ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ടിആര്‍എസ്, ബിജെഡി, എഎപി, അകാലിദള്‍ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.