രാജസ്ഥാനില്‍ പ്രളയക്കെടുതി; റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലായി; അഞ്ച് മരണം
അതിശക്തമായ മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ രാജസ്ഥാനിലെ ജോധ്പൂര്‍, ഭില്‍വാര, ചിത്തോര്‍ഗഡ് പ്രളയ സമാനമായ സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ഏഴ് ട്രെയിനുകള്‍ റദ്ദാക്കുകയും ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ജോധ്പൂരിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതോടെ വാഹനങ്ങള്‍ ഒഴുകി പോകുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭോപ്പാല്ഗഡ് സബ്ഡിവിഷനു കീഴിലുള്ള ഗവാരിയോന് കി ധാനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാലു കുട്ടികള്‍ മുങ്ങിമരിച്ചു.
മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര് മരിക്കുകയും വന്‍നാശനഷ്ടങ്ങളും ഉണ്ടാതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചിരഞ്ജീവി അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കുകയും ചെയ്തു. അതേയമയം രക്ഷപ്പെട്ട കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 രൂപ നല്‍കും. മഴക്കാലത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഗെലോട്ട് അഭ്യര്‍ത്ഥിച്ചു.
Content Highlights – Flood in Rajasthan, Roads and Railway Tracks were flooded, Five Death Reported