നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ്; ശിക്ഷ 34 വര്‍ഷം മുന്‍പുള്ള കൊലക്കേസില്‍
പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ്. 1987ല്‍ റോഡില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട് കേസിലാണ് വിധി. സുപ്രീം കോടതിയാണ് സിദ്ദുവിന് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 34 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
1987 ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്തുവും ഗുര്‍നാമുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഗുര്‍നാമിനെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. പിന്നീട് ഗുര്‍നാം മരിക്കുകയായിരുന്നു.
1999ല്‍ കേസില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ദുവിനെയും രൂപീന്ദറിനെയും പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. 2006ല്‍ ഇതിനെതിരെ ഗുര്‍നാമിന്റെ ബന്ധുക്കള്‍ നല്കിയ അപ്പീലില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്തു.
പിന്നീട് 2018ല്‍ സിദ്ദു സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ ശിക്ഷ 1000 രൂപ പിഴ മാത്രമായി കുറച്ചു. കേസ് നടന്നിട്ട് 30 വര്‍ഷമായെന്നും സംഘര്‍ഷ സമയത്ത് ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷ ഇളവ് ചെയ്തത്. കേസില്‍ തെളിവില്ലെങ്കിലും 65 കാരനായ മുതിര്‍ന്ന പൗരന് പരിക്കേല്‍ക്കാന്‍ കാരണമായി എന്ന കുറ്റത്തിനാണ് സിദ്ദുവിന് പിഴശിക്ഷ നല്‍കിയത്. രൂപീന്ദറിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
സുപ്രീം കോടതി വിധിക്കെതിരെ ഗുര്‍നാമിന്റെ കുടുംബം നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സിദ്ദുവിനെ കുറ്റവിമുക്തനാക്കിയ വിധി പുനഃപരിശോധിക്കണമെന്നും കൂടുതല്‍ ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തണമെന്നുമായിരിന്നു ഹര്‍ജിയിലെ ആവശ്യം.
Content Highlight – Former Punjab PCC president and Congress leader Navjot Singh Sidhu sentenced to one year in jail