ഗാന്ധിജിയെ വെട്ടി മാറ്റി,, റാം എടുത്ത് വെച്ചിട്ടുണ്ട്: തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി, സംസ്ഥാനങ്ങൾക്ക് ഭാരിച്ച ചെലവ്
കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് അടക്കം മാറ്റിക്കൊണ്ടാണ് ബദൽ നടപ്പാക്കാനുള്ള ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ, അതായത് വിബി – ജി റാം ജി എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. നേരിട്ടല്ലെങ്കിൽ കൂടി രാമനെ അതിലും കേറ്റി വെച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കഴിഞ്ഞാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതിൽ പദ്ധതിപ്പേരിൽനിന്ന് രാഷ്ട്രപിതാവിനെ പാടേ ഒഴിവാക്കിയിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാൽ, തിങ്കളാഴ്ച ലോക്സഭാ അംഗങ്ങൾക്ക് പരിശോധനയ്ക്കായി നൽകിയ ബില്ലിന്റെ പേരിൽനിന്ന് ഗാന്ധിജി തീർത്തും ഒഴിവാക്കപ്പെട്ടു.
പുതിയ പേര് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ അജീവിക മിഷൻ- ഗ്രാമീൺ എന്നായി. 2005ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നായിരുന്നു.
2006 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. 2008-ൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2009-ലാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ഈ പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത്.
ഇപ്പോൾ ഈ നിയമത്തിലുള്ള നിലവിലെ ചില വ്യവസ്ഥകൾ നോക്കാം –
തൊഴിൽ ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം
100 തൊഴിൽദിനങ്ങൾ തൊഴിലാളികൾക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും തൊഴിൽ ആവശ്യപ്പെടാം, അതിൽ നിയന്ത്രണമില്ല. ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴിൽ നിശ്ചയിക്കും. കേന്ദ്ര, സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത – ഫണ്ടിൽ കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം. 90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാനം ആണ് സംസ്ഥാനം നൽകേണ്ട ഫണ്ട്.
എന്നാൽ പുതിയ ബിൽ പ്രകാരം കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്. സംസ്ഥാനങ്ങൾക്കും ബാധ്യതയുണ്ട് . തൊഴിൽദിനങ്ങൾ 125 ആണ്. കാർഷിക സീസണിന്റെ മൂർധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പിൽ മറ്റ് തൊഴിലനുവദിക്കേണ്ട
കേന്ദ്രം 60 ശതമാനം, സംസ്ഥാനം 40 ശതമാനം. ചെലവ് അധികമായാൽ ആ ബാധ്യതയും സംസ്ഥാനത്തിന് തന്നെ ആയിരിക്കും.
തൊഴിൽ അവകാശം എന്ന ആശയത്തെ പുതിയ ബിൽ അട്ടിമറിക്കുകയാണ്. അതിനൊപ്പം ഒരിക്കൽ കൂടി മഹാത്മാഗാന്ധി എന്ന പേരും ഒഴിവാക്കുന്നു. 2014ൽ മോദി സർക്കാർ അധികാരമേറ്റതുമുതൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിന് നടത്തിയ നീക്കങ്ങളുടെ അവസാനപടിയായി ഇതിനെ കാണാം. ബജറ്റ് നീക്കിയിരിപ്പ് വെട്ടിക്കുറച്ച് പദ്ധതിയെ ഞെരുക്കിയ കേന്ദ്രം ഇപ്പോൾ പദ്ധതിയെ ഇല്ലാതാക്കുകയാണ്.
പ്രതിവർഷം ഒന്നര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി സംസ്ഥാനങ്ങൾ 55,000 കോടി രൂപ മുടക്കേണ്ടി വരും. ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്ക് എത്ര തുക നൽകണമെന്ന് കേന്ദ്രം തീരുമാനിക്കും. വിഹിതത്തിനപ്പുറമുള്ള ചെലവുകൾ സംസ്ഥാനം വഹിക്കണം. തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലില്ലായ്മ അലവൻസും സംസ്ഥാനം നൽകണം. അതാണ് പുതിയ ബിൽ പറയുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്ന ശേഷം പേരുമാറ്റി, രൂപം മാറ്റിയത് ഇരുപത്തിൽകൂടുതൽ പദ്ധതികളാണ്. മോദി സർക്കാർ നടപ്പാക്കുന്ന സ്വച്ഛ്ഭാരത്, മൻമോഹൻ സിങ്ങിന്റെ കാലത്തെ നിർമൽ ഭാരത് അഭിയാനായിരുന്നു.
ഇന്ദിരാ ആവാസ് യോജന – പ്രധാനമ ന്ത്രി ഗ്രാമീൺ ആവാസ് യോജന ആക്കി. രാജീവ് ആവാസ് യോജന അത് ചേരി നിർമാർജനം ചെയ്യാൻ ഉള്ളതാണ്- അതിന്റെ പേര് സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിങ് എന്നാക്കി.
നാഷണൽ ഇ ഗവേണൻസ് പ്ലാൻ- ഡിജിറ്റൽ ഇന്ത്യയാക്കി. അത് ഒരു നല്ല മാറ്റമാണെന്ന് പറയാം.
നാഷണൽ മാനുഫാക്ചറിങ് പോളിസി ആണ് ഇപ്പോളത്തെ മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആത്മനിർഭർ ഭാരത്.
അങ്ങനെ പഴയ പദ്ധതിയ്ക്ക് പുതിയ പേരിടുന്നതിലെ ലേറ്റസ്റ്റ് ആണ് – വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ. വിബി ജി റാം ജി.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തതിന്റെ നാണക്കേട് മറച്ച് വെക്കാൻ, സ്വാതന്ത്ര്യ സമരചരിത്രം തന്നെ തിരുത്തിയെഴുതാൻ തയ്യാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. ഗാന്ധിജി എന്ന പേരിനോടും ആശയത്തോടും സംഘപരിവാറിന് എത്ര വിദ്വേഷമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പുതിയ ബിൽ നിയമമാകുന്നതോടെ കേരളത്തിന് പ്രതിവർഷം 1600 കോടി രൂപയോളം അധിക ബാധ്യതയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് പറയുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽപ്പെട്ട് വലയുന്ന സംസ്ഥാനത്തിന് ഇത് താങ്ങാനാകില്ല. കേരളത്തിലെ 22. 61 ലക്ഷം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആശങ്കയിലാക്കുന്നതാണ് ഈ സ്ഥിതിവിശേഷം.













