കറന്‍സി നോട്ടില്‍ നിന്ന് ഗാന്ധിജിയെ മാറ്റില്ല; വ്യാജ പ്രചാരണമെന്ന് ആര്‍ബിഐ
രാജ്യത്തെ കറന്‍സി നോട്ടില്‍ മാറ്റം വരുത്തുമെന്നത് വ്യാജ പ്രചാരണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്‍സി നോട്ടില്‍ മറ്റു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രചാരണം തെറ്റാണെന്നും ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയില്‍ ഇല്ലെന്നും ആര്‍ബിഐ അറിയിച്ചു.
കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണന്ന് ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മഹാത്മാഗന്ധിയുടെ ചിത്രത്തിന് പുറമേ രബീന്ദ്ര നാഥ ടാഗോറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആര്‍ബി ഐ ആലോചനകള്‍ നടത്തിവരികയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്നാണ് മറുപടിയുമായി ആര്‍ബി ഐ രംഗത്തെത്തിയത്.
മറ്റു നേതാക്കളുടെ ചിത്രങ്ങള്‍ കറന്‍സിയില്‍ ഉപയോഗിക്കണമെന്ന് നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം കറന്‍സിയില്‍ ഉപയോഗിക്കണെമന്ന് ആവശ്യപ്പെട്ട് 2017ലും 2021ലും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ റിസര്‍വ് ബാങ്കിന്റെ അഭിപ്രായം ചോദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു. 2021ല്‍ ഈ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.
Content Highlights – Reserve Bank Of India, Fake Statement, Gandhiji will not be removed from currency note