നാഗ്പൂരില്‍ രക്തബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ; ഒരു കുട്ടി മരിച്ചു
നാഗ്പൂരില്‍ രക്തബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതില്‍ ഒരു കുട്ടി മരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും പത്ത് വയസില്‍ താഴെയുള്ളവരാണ്.
രക്തം സ്വീകരിച്ച കുട്ടികള്‍ തലസീമിയ രോഗ ബാധിതരായിരുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് ക്രമാതീതമായി കുറവാകുന്ന ഒരുതരം പാരമ്പര്യ രോഗമാണ് തലാസീമിയ.
“നാലുകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ ഒരു കുട്ടി മരിച്ചു. ഒരു ഉന്നതതല അന്വേഷണത്തിലൂടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം കുറ്റക്കാരായവർക്ക് നേരേ ശക്തമായ നടപടിയെടുക്കും,” ആരോഗ്യവകുപ്പ് അസിസ്റ്റൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ കെ ധകതെ മാധ്യമങ്ങളോട് പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ്സ് ഡിപ്പാർട്ട്മെൻ്റും ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി.തലാസീമിയ രോഗബാധിതര്‍ക്ക് സംസ്ഥാനത്ത് സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിൽ രക്തം സൗജന്യമാണ്. തലാസീമിയ ബാധിതർക്ക് നൽകുന്ന രക്തം ന്യൂക്ലിക് ആസിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ആറ് മാസം മുന്നേ നാഗ്പൂരില്‍ തന്നെയുള്ള മൂന്ന് വയസുള്ള കുട്ടിക്കാണ് ആദ്യ എച്ച്ഐവി സ്ഥിരീകരണം ഉണ്ടായത്. പിന്നീടാണ് മറ്റു കുട്ടികളില്‍ സ്ഥിരീകരിച്ചത്. എച്ച് ഐവിക്ക് പുറമേ ഹെപ്പറ്റൈറ്റിസും ചില കുട്ടികളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlight – HIV infection in children receiving blood from blood banks in Nagpur; One child died