ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല വ്യാജം; കണ്ടെത്തിയത് സുപ്രീം കോടതി നിയോഗിച്ച സമിതി
2019ലെ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല വ്യാജമെന്ന് കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് ഏറ്റമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. 27 കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം ഹൈവേയില്‍ കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. 2019 നവംബറിലായിരുന്നു സംഭവം.
കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രതികളില്‍ മൂന്നു പേര് പ്രായപൂര്ത്തിയാകാത്തവരായിരുന്നെങ്കിലും ഇവര്‍ക്ക് 20 വയസിന് മേല്‍ പ്രായമുണ്ടെന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്.
ബലാല്‍സംഗ കേസിലെ നാല് പ്രതികളും ഒരു കൊലക്കേസ് പ്രതിയുമാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ചിന്താകുന്ത ചെന്നകേശവലു, ജോലു ശിവ, ജോലു നവീന്‍ എന്നിവരാണ് പ്രായപൂര്‍ത്തിയാകാത്തവര്‍. ദേശീയപാതയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപം തന്നെയാണ് പ്രതികളും കൊല്ലപ്പെട്ടത്.
വ്യാജ ഏറ്റമുട്ടലില്‍ പങ്കെടുത്ത 10 പോലീസുകാര്‍ക്കെതിരെ കൊലക്കേസെടുക്കണമെന്നും ഇവരെ വിചാരണ ചെയ്യണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു.
Content Highlight: Hyderabad encounter fake finds sc committe