‘ഇന്ത്യയെ ഒന്നിപ്പിക്കാനായിരുന്നു’ ജോഡോ യാത്രയെങ്കില്‍ ‘എല്ലാവര്ക്കും നീതി തേടി’ ഭാരത് ന്യായ് യാത്ര
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ‘ഭാരത് ന്യായ് യാത്ര’ക്ക് കോണ്‍ഗ്രസ് തയാറെടുക്കുമ്ബോള്‍ യാത്രയുടെ മുദ്രാവാക്യത്തിന് കാതലായ മാറ്റമാണ് വരുത്തിയിട്ടുള്ളത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ (ഒരുമിച്ച് നടക്കൂ, രാജ്യത്തെ ഒന്നിപ്പിക്കൂ) എന്നതായിരുന്നു ജോഡോ യാത്രയുടെ മുദ്രാവാക്യം. എന്നാല്‍, ‘എല്ലാവര്ക്കും നീതി വേണം’ എന്നതാണ് ഭാരത് ന്യായ് യാത്രയുടെ പ്രധാന മുദ്രാവാക്യം.
വനിതകള്‍, യുവാക്കള്‍, സാധാരണ ജനങ്ങള്‍ അടക്കം എല്ലാവര്ക്കും നീതി വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ എല്ലാം സമ്ബന്നരിലേക്ക് പോകുന്നു. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്ള നീതിയാണ് യാത്രയിലൂടെ കോണ്‍ഗ്രസ് ഊന്നിപ്പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രക്ക് ജനുവരി 14നാണ് തുടക്കം കുറിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് തുടങ്ങി മഹാരാഷ്ട്രയിലെ മുബൈയിലാണ് യാത്ര അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ഫ്ലാഗ് ഓഫ് ചെയ്യും.
14 സംസ്ഥാനങ്ങളിലൂടെയും 85 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര 6200 കീലോമീറ്റര്‍ പ്രത്യേകം സജ്ജീകരിച്ച ബസിലും കാല്നടയായുമാണ് പൂര്‍ത്തിയാക്കുക. മണിപ്പൂര്‍, നാഗാലൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.
രാഹുല്‍ ഗാന്ധി നയിച്ച വൻ വിജയമായിരുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര.