ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതില് ഇടിഞ്ഞുവീണ് 12 പേര് മരിച്ചു
ഗുജറാത്തിൽ ഉപ്പ് പാക്ക് ചെയ്യുന്ന ഫാക്ടറിയുടെ മതില് ഇടിഞ്ഞുവീണ് 12 തൊഴിലാളികള്‍ മരിച്ചു. ഹല്‍വാദ് വ്യവസായ മേഖലയ്ക്കുള്ളിലെ സാഗര്‍ സാള്‍ട്ട് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ഉപ്പ് പാക്കറ്റിലാക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മതിലിടിഞ്ഞതിനൊപ്പം മതിലിനടുത്തായി അടുക്കിവെച്ചിരുന്ന ചാക്കുകൾ തൊഴിലാളികളുടെ മുകളിലേയ്ക്കുതിർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും എല്ലാ വിധ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഹല്വാദ സംസ്ഥാന തൊഴില്‍ മന്ത്രിയും പ്രാദേശിക എംഎല്‍എയുമായ ബ്രിജേഷ് മെര്‍ജ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4 ലക്ഷം രൂപ വീതം നൽകുമെന്ന് ഗുജറത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മോര്‍ബി ജില്ലാ കളക്ടര്‍ക്കും സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കു പറ്റിയവര്‍ക്ക് 5000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
Content Highlight – In Gujarat, 12 people were killed when the wall of a salt factory collapsed