ഇന്ത്യൻ വ്യോമസേനയുടെ മുന്നണിപ്പോരാളി വിട പറയുന്നു; ഇനി മിഗ് 21 ന് പകരം ഇന്ത്യൻ ആകാശം ഭരിക്കാനെത്തുന്നത് ”തേജസ്”

ആകാശയുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിട പറയുകയാണ്. . അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്. ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്- 21-നായി ഒരുക്കിയത്. വ്യോമസേനയില്‍ 1963-ല്‍ മിഗ് -21-നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിൽ ആയതു കൊണ്ടാണ്, ഇപ്പോളത്തെ യാത്രയയപ്പ് ചടങ്ങിനായും ചണ്ഡീഗഢ് തിരഞ്ഞെടുത്തത്.
ഇന്ന് 12.05-ന് മിഗ് വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി അവസാനമായി ആകാശത്തേക്ക് ഉയർന്നു. ലാന്‍ഡ് ചെയ്യുന്ന മിഗ്-21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. തേജസ് മാര്‍ക്ക് 1എ വിമാനമാണ് മിഗ്- 21-ന് പകരക്കാരനായി വ്യോമസേനയിലെത്തുക.
പഴയ സോവിയറ്റ് യൂണിയനിലെ മികോയന്‍-ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയാണ് മികോയന്‍-ഗുരേവിച്ച് മിഗ്- 21 എന്ന സൂപ്പര്‍സോണിക് ജെറ്റ് ഫൈറ്റര്‍ രൂപകല്‍പ്പന ചെയ്യുന്നത്. 1963-ലാണ് ആദ്യമായി മിഗ്- 21 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതുവരെ 900 മിഗ് -21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതില്‍ 657 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചവയാണ്.
സിംഗിൾ എന്ജിന് യുദ്ധവിമാനമായ മിഗ്-21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കല്‍സമയം 30 മിനിറ്റാണ്. പാകിസ്താനുമായുള്ള 1965-ലെയും 1971-ലെയും യുദ്ധങ്ങളില്‍ മിഗ് 21 പോര്‍വിമാനങ്ങളായിരുന്നു നമ്മുടെ ശക്തികേന്ദ്രം.
1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും മിഗ് 21 നിര്‍ണായക പങ്കാണ് വഹിച്ചത്. ഇപ്പോൾ ഏറ്റവും ഒടുവിലായി നടന്ന ഓപ്പറേഷന് സിന്ദൂറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. 2010 ഓടെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങള്‍ വന്നതോടെയാണ് മിഗ്-21 വ്യോമസേനയില്‍നിന്ന് പതിയെ കളമൊഴിഞ്ഞ് തുടങ്ങിയത്.
രണ്ടു മിഗ്- 21 സ്ക്വാഡ്രണുകള്‍ കൂടി സര്‍വീസില്‍ നിന്നും പിന്‍വലിക്കുന്നതോടെ ഇന്ത്യന്‍ വിമാനപ്പടയുടെ വലിപ്പം 29 സ്ക്വാഡ്രണുകളായി ചുരുങ്ങും. കൃത്യമായ വ്യോമപ്രതിരോധത്തിനും ആക്രമണത്തിനും രാജ്യത്തിന് 42 സ്ക്വാഡ്രണുകള്‍ വേണമെന്നാണ് കണക്ക്. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെ രാജ്യത്തെ പോര്വിമാനപ്പട എണ്ണത്തില്‍ ഇത്രയും കുറയുന്നത് ആദ്യമാണ്.
വ്യോമസേനയുടെ കരുത്തുകൂട്ടാൻ 97 തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടിയുള്ള 62,370 കോടി രൂപയുടെ വമ്പന്‍ പ്രതിരോധ കരാറിൽ കേന്ദ്രസര്‍ക്കാര്‍ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി ഒപ്പു വച്ചിട്ടുണ്ട്. മിഗ്-21 വിമാനങ്ങള്‍ നിര്‍ത്തലാക്കുമ്പോൾ ഇനി ആ സ്ഥാനം തേജസ് ആകും ഏറ്റെടുക്കുന്നത്. ആറുവർഷംകൊണ്ട് മുഴുവൻ വിമാനങ്ങളും എച്ച്.എ.എൽ ലഭ്യമാക്കണമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.
അതേസമയം 2021ല്‍ 46,898 കോടി രൂപക്ക് ഓര്‍ഡര്‍ ചെയ്ത 83 വിമാനങ്ങളില്‍ ഒന്നുപോലും വ്യോമസേനക്ക് ഇതുവരെ കൈമാറിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2024 ഫെബ്രുവരി മുതല്‍ 2028 ഫെബ്രുവരി വരെ 83 വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭിക്കേണ്ടതായിരുന്നു, എന്നാല്‍ അത് നടന്നിട്ടില്ല. ഇതിനിടെയാണ് കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ 97 വിമാനങ്ങള്‍ക്കുള്ള പുതിയ കരാറിൽ ഒപ്പിടുന്നത്.
83 വിമാനങ്ങളുടെ വിതരണം ഈ ഒക്ടോബറില്‍ ആരംഭിക്കാനാകുമെന്നാണ് എച്ച്.എ.എൽ അറിയിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജനറല്‍ ഇലക്ട്രിക്സില്‍നിന്നുള്ള ടര്‍ബോഫാന്‍ എൻജിനുകള്‍ ലഭിച്ചു തുടങ്ങി. നിലവില്‍ മൂന്ന് എൻജിനുകള്‍ എത്തിയിട്ടുണ്ട്, ഡിസംബറില്‍ ഏഴെണ്ണം കൂടി എത്തും. ഓരോ വര്‍ഷവും 20 എൻജിനുകള്‍ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എച്ച്.എ.എൽ പറയുന്നു.
മിക്കവാറും പാശ്ചാത്യരാജ്യങ്ങള്‍ ഒന്നും ഈ യുദ്ധവിമാനങ്ങളുടെ സോഴ്സ്കോഡ് കൈമാറ്റം ചെയ്യാന്‍ തയ്യാറാവില്ല. പക്ഷേ, തങ്ങളുടെ അഞ്ചാം തലമുറ അദൃശ്യ പോര്‍വിമാനമായ സു 57- വിന്റെ സാങ്കേതികവിദ്യ പൂര്‍ണമായി കൈമാറാനും ഇന്ത്യയില്‍ സംയുക്തമായി നിര്‍മിക്കാനും തയ്യാറായി റഷ്യ മുന്നോട്ടുവന്നിട്ടുണ്ട്. ഉത്പാദനത്തിനായി ഇന്ത്യയിലെ നാസിക്കിലെ നിര്‍മാണശാലയും അവര്‍ കണ്ടുവച്ചിരിക്കുന്നു. ദീര്‍ഘകാലമായി ഇന്ത്യയുമായുള്ള സൗഹൃദം മാത്രമല്ല ഈ വാഗ്ദാനത്തിനു പിന്നിലുള്ളത്. മൂന്നര വര്‍ഷമായി തുടരുന്ന യുക്രൈന് യുദ്ധമുണ്ടാക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇതിനൊരു കാരണമാണ്.
എന്നാൽ റഷ്യയുമായി ഈ പോർവിമാനം ഉണ്ടാക്കാനുള്ള വമ്പൻ കരാർ ഇന്ത്യ ഒപ്പ് വെച്ചാൽ, അരിശം മൂത്ത ട്രംപ് ഇന്ത്യയോട് യുദ്ധം പ്രഖ്യാപിക്കാൻ വരെ സാധ്യതയുണ്ട്. റഷ്യയിലേക്ക് പണം എത്തുന്നതിൽ അത്രക്ക് അസഹിഷ്ണുതയുള്ള ആളാണ് ഡൊണാൾഡ് ട്രംപ്.