ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചുലക്ഷം രൂപ പിഴ. വിമാനസർവ്വീസുകളെ നിയന്ത്രിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷ(DGCA)നാണ് പിഴ ചുമത്തിയത്.
മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതില്‍ ഭിന്നശേഷിക്കാരനെ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. കുട്ടിയെ
കയറ്റാതിരുന്നതിനെത്തുടർന്ന് മാതാപിതാക്കളും യാത്ര ഒഴിവാക്കിയിരുന്നു. സഹയാത്രികയായ മനീഷ ഗുപ്തയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡിജിസിഎ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. വളരെ മോശമായ രീതിയിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ കൈകാര്യം ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എയര്‍ലൈന്‍സ് ജീവനക്കാരുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ റോണോജോയ് ദത്ത രംഗത്തെത്തിയിരുന്നു. കുട്ടിക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വാങ്ങി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇടപെട്ടിരുന്നു. ജീവനക്കാരില്‍ നിന്നുള്ള ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും വിമാന കമ്പനിയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights – Indigo Airlines, DGCA, Failing to board disabled child