സർക്കാർ സംരക്ഷിക്കുന്ന ശവകുടീരത്തിൽ ജയ് ശ്രീറാം വിളിച്ച്, കാവിക്കൊടി ഉയർത്തി: ഉത്തർപ്രദേശിൽ ഹിന്ദുത്വ വാദികളുടെ അഴിഞ്ഞാട്ടം

കുറച്ച് നാളുകളായി കേൾക്കാതിരുന്ന, പള്ളി പൊളിക്കൽ പരിപാടി വീണ്ടും തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപുരില് ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിച്ചതെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ ശവകുടീരം ആക്രമിച്ചു. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രദേശത്തിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും വന്‍ പോലീസ് സന്നാഹത്തെ ഇറക്കുകയും ചെയ്തിട്ടുണ്ട്.
മുഗള്‍ ചക്രവർത്തിമാരുടെ ഭരണകാലത്ത് ആഗ്ര- ഔധ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഛതരി, താലിബ്നഗര്‍ എന്നിവയുടെ നവാബായിരുന്നു അബ്ദുസ് സമദ്. ഇത് അദ്ദേഹത്തിന്റെ ശവകുടീരമായാണ് രേഖകളില്‍ കാണുന്നത്.
സദര്‍ താലൂക്കിലെ അബുനഗറിലാണ് ഈ ശവകുടീരമുള്ളത്. സര്‍ക്കാര്‍ രേഖകളില്‍ ഖസ്ര നമ്പര്‍ 753 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ നിര്‍മിതി ദേശീയ സ്വത്ത് എന്നാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഖസ്റ എന്നത് പേർഷ്യൻ വാക്കാണ്. ഗ്രാമ പ്രദേശങ്ങളിൽ സർവേ നമ്പർ പോലെ പ്ലോട്ടുകൾക്ക് നൽകുന്ന നമ്പറാണിത്. എന്നാല്‍ ഇത് ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണെന്ന് ആരോപിച്ച് മഠ് മന്ദിര്‍ സംരക്ഷണ സംഘര്‍ഷ് സമിതി, ബിജെപി, മറ്റ് ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ എന്നിവര്‍ രംഗത്ത് വന്നതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.
കാവി പതാകകളും പിടിച്ച് കൊണ്ട് ഒരു കൂട്ടം ആളുകള്‍ ശവകുടീരത്തിന് ചുറ്റും ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ കെട്ടിടത്തിനുള്ളില്‍ കടക്കുകയും ചില നിര്‍മിതികള്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇവിടെ പൂജയും ആരാധനയും തുടങ്ങാനുള്ള ശ്രമവും നടത്തി.
നവാബ് അബ്ദുസ് സമദിന്റെ ശവകുടീരമല്ലെന്നും അത് മാറ്റം വരുത്തിയ ക്ഷേത്രമാണെന്നും താമരപ്പൂക്കള്‍, ത്രിശൂലം തുടങ്ങിയ വ്യക്തമായ അടയാളങ്ങള്‍ അവിടെയുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് മുഖ്ലാല്‍ പാല് ആരോപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവന്, കൃഷ്ണന് എന്നി ഹിന്ദു ദേവതകള്‍ക്കായി നിര്‍മിച്ച ക്ഷേത്രമായിരുന്നു ഇതെന്നാണ് ഹിന്ദുസംഘടനകളുടെ വാദം.ബിജെപി ജില്ലാ പ്രസിഡന്റ് നടത്തിയ പ്രസ്താവനയെ തുടർന്നാണ് ഇവിടെ സംഘർഷം ആരംഭിച്ചത്.
നാഷണല്‍ ഉലമ കൗണ്‍സിലിന്റെ ദേശീയ സെക്രട്ടറി മോ നസീം, സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. ചരിത്രത്തെയും സാമുദായിക സൗഹാര്‍ദ്ദത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അകത്ത് കല്ലറകളുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരമാണിതെന്നും ഈ സ്ഥലം സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ സ്ഥലം നേരത്തെ അമ്പലമായിരുന്നു എന്ന് അവകാശപ്പെട്ടതാണ് ആക്രമണം നടത്തിയത്. ശവകുടീരത്തിനുള്ളില്‍ പൂജ നടത്താന്‍ വിഎച്ച്പിയും ബജ്റംഗ്ദളും ശ്രമിക്കുകയും ചെയ്തു.
1000ത്തോളം ആളുകളാണ് കാവിപ്പതാകയുമേന്തി ശവകുടീരത്തിലെത്തിയത്. തുടര്‍ന്ന് വടികള്‍ ഉപയോഗിച്ച് ശവകുടീരം അക്രമിക്കുകയായിരുന്നു. പ്രധാന വാതിലും ശവകുടീരവും ഈ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ച് കൊണ്ടെത്തിയവര്‍ ശവകുടീരത്തിന് മുകളില്‍ കയറി കാവിപ്പതാക സ്ഥാപിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാൽ ഈയപതാക പോലീസ് പിന്നീട് അഴിച്ചുമാറ്റുകയും ചെയ്തു. സംഭവത്തില്‍ കൃത്യമായി അറിയാവുന്ന 10 ആളുകൾക്ക് എതിരേയും, കണ്ടാലറിയുന്ന 150 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഫത്തേപൂര്‍ എസ്പി അനൂപ് കുമാര്‍ സിങ് പറഞ്ഞു.
200 വര്‍ഷത്തിലധികം പഴക്കമുള്ള ശവകുടീരമാണിത്. എന്നാൽ ഇവിടെ കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട്, ബജ്റംഗ്ദള്‍, മത് മന്ദിര്‍ സന്‍രക്ഷണ്‍ സംഘര്‍ഷ് സമിതി തുടങ്ങിയവര്‍ രംഗത്ത് വന്നതോടെയണ് വിവാദം ആരംഭിക്കുന്നത്.
അബ്ദുസമദിന്റെ ശവകുടീരം ഖസ്ര നമ്പർ 753 പ്രകാരം സർക്കാർ രേഖകളിൽ മഖ്ബറ മാംഗി എന്ന പേരിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ രേഖകൾ പ്രകാരം ശവകുടീരം സംരക്ഷിത സ്മാരകം ആണ്. ഇങ്ങനെ കേന്ദ്രസർക്കാർ ഒരു സംരക്ഷിത സ്മാരകമായി സംരക്ഷിക്കുന്ന സ്ഥലത്താണ് ഇപ്പോൾ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടമുണ്ടായിരിക്കുന്നത്.
സ്വാതന്ത്രം ലഭിച്ചതിന് ശേഷമുള്ള, ജനാധിപത്യ മതേതര ഇന്ത്യക്ക് മാനക്കേടുണ്ടാക്കിയ ഒന്നാണ് ബാബരി മസ്ജിദ് തകർക്കൽ. അതിന്റെ അലയൊലികളും പ്രത്യാഘാതങ്ങളും ഇപ്പോളും കെട്ടടങ്ങിയിട്ടില്ല. അപ്പോളാണ് ഉത്തർപ്രദേശിൽ, ഇത്തരം പൊളിച്ച് മാറ്റൽ സംഭവങ്ങളിലൂടെ സാമുദായിക ഐക്യം തകർക്കാൻ വീണ്ടും ശ്രമം നടക്കുന്നത്.