സഭയിലിരുന്ന് റമ്മി കളിച്ചു; കൃഷി മന്ത്രിയെ സ്പോര്‍ട്സ് വകുപ്പിലേക്ക് മാറ്റി

മഹാരാഷ്ട്ര നിയമസഭയിലിരുന്ന് മൊബൈലില്‍ റമ്മി കളിച്ച കൃഷിമന്ത്രിയെ വകുപ്പില്‍ നിന്നും മാറ്റി. മന്ത്രി മണിക് റാവു കോക്കാട്ടെക്ക് സ്പോര്‍ട്സ് വകുപ്പിലേക്കാണ് പുതിയ നിയമനം. നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കവെ അതിലൊന്നും ശ്രദ്ധിക്കാതെ മന്ത്രി മൊബൈലില്‍ റമ്മി കളിച്ചുകൊണ്ടിരുന്നതിന്റെ വീഡിയോ പുറത്തു വന്നത് സംസ്ഥാനത്ത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ കൂടിയാലോചിച്ച ശേഷം, മണിക് റാവു കോക്കാട്ടെയെ കൃഷി വകുപ്പില്‍ നിന്നും കായിക-യുവജന വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി മൊബൈലില്‍ ഗെയിം കളിക്കുന്ന വിഡിയോ എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ ആണ് പുറത്തു വിട്ടത്. ഈ മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാന്‍ സമയം കിട്ടുന്നതെന്ന് രോഹിത് പവാര്‍ ആരോപിച്ചിരുന്നു.
മണിക് റാവു കോക്കാട്ടെയ്ക്ക് പകരം ദത്താത്രേയ ഭരാനെയെ പുതിയ കൃഷിമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അതേസമയം, മൊബൈലില്‍ റമ്മി കളിച്ചെന്ന ആരോപണം മന്ത്രി മണിക് റാവു കോക്കാട്ടെ നിഷേധിച്ചിട്ടുണ്ട്. മൊബൈലില്‍ വന്ന പോപ്-അപ്പ് ക്ലോസ് ചെയ്യാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. റമ്മി കളിച്ചെന്ന ആരോപണം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മണിക് റാവു കോക്കാട്ടെ പറഞ്ഞു.