പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ലൗലി പ്രൗഫഷണല് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മലയാളി വിദ്യാര്‍ത്ഥിയായ അഖിന് എസ് ദിലീപ് (21)നെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ത്ഥിയായിരുന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് പ്രാഥമിക വിവരമായി അറിയിച്ചത്. കൂടാതെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കപൂര്‍ത്തല പൊലീസ് കേസ് രജീസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ക്യാമ്പസില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ നടന്ന രണ്ടാമത്തെ ആത്മഹത്യയാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. രണ്ട് ആത്മഹത്യകള്‍ക്ക് പിന്നെലെ കാരണം അറിയണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
Content Highlights – Malayali student committed suicide in a private university in Punjab