സ്വന്തം ജീവന് കാവൽ നിന്ന് മണിപ്പൂരിലെ സ്ത്രീകൾ
അതെ മണിപ്പൂരിൽ ഇനിയൊരു സ്ത്രീക്കും ഇതുപോലൊരു വിധിയുണ്ടാകരുത് അതിനാണ് അതിർത്തിയിൽ വടിയും പിടിച്ച് ഈ സ്ത്രീകൾ ഇങ്ങനെ കാവൽ നിൽക്കുന്നത്. താഴ്വരയിൽ നിന്ന് വരുന്ന ഒരോ വാഹനത്തേയും സംശയത്തോടെയെ മലമുകളിലെ കുക്കി സ്ത്രീകൾക്ക് കാണാനാവു.അതെ …യാത്രക്കാരിൽ മെയ്തെയ്കൾ ഉണ്ടോ എന്ന പരിശോധനയിലാണവർ. കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇരച്ചെത്തിയ മെയ്തെയ് പുരുഷൻമാർ കണ്ണിൽ കണ്ട കുക്കി സ്ത്രീകളെയെല്ലാം ഉപദ്രവിച്ചെന്നാണ് ഇവർ പറയുന്നത്.അർധ സൈനിക വിഭാഗങ്ങളുടെ പരിശോധനയുണ്ട് എങ്കിലും ക്രൂരവും നിഷ്ഠൂരവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് അവർ .. അതിനാൽ തന്നെ ആരെയും അവർക്ക് വിശ്വാസം പോര..കൂട്ട ബലാത്സംഗത്തിരയായ ശേഷം മലമുകളിൽ നിന്ന് ഉരുണ്ട് രക്ഷപ്പെട്ട പെൺകുട്ടിയുടെ കഥ പറയുമ്പോൾ അവരുടെ സുഹൃത്തുക്കൾ വിതുമ്പുകയായിരുന്നു..ബലാത്സംഗം ചെയ്ത് കൊന്നവരുടെ സ്വകാര്യഭാഗങ്ങൾ മുറിച്ച് നീക്കിയതടക്കം ഞെട്ടിക്കുന്ന കഥകളാണ് അവർക്ക് പറയാനുള്ളത്. ഏറ്റവും ഹീനമായ യുദ്ധതന്ത്രം …ബലാത്സംഗം മണിപ്പൂരിൽ നടന്നതും അതുതന്നെ…ഇപ്പോഴിതാ സ്വന്തം പെൺമക്കളുടെ മാനം കാക്കാൻ വടികളും ആയുധങ്ങളുമായി അമ്മമാരടക്കമുള്ള സ്ത്രീകൾ തെരുവിലിറങ്ങിയിരിക്കുന്നു… ലജ്ജാവഹം എന്നല്ലാതെ എന്ത് പറഞ്ഞ് ഇതിനെ വിശേഷിപ്പിക്കും ? ജനരക്ഷയ്ക്കായി വോട്ട് ചെയ്ത് വിജയപ്പിച്ച് അധികാരത്തിന്റെ ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ചവർ നോക്കുകുത്തികളാവുമ്പോൾ സ്വയരക്ഷയ്ക്കായി അവർക്ക്തെരുവിലിറങ്ങിയല്ലേ പറ്റൂ… രാജ്യം ഭരിക്കുന്ന സർക്കാരാട്ടെ പ്രതിപക്ഷത്തെ പഴിചാരുന്നു… ആരോടാണ് സർക്കാരെ അപ്പോൾ ജനം അവരുടെ പ്രശ്നങ്ങൾ പറയേണ്ടത് ? ഇങ്ങനെ മൗനം തുടരാനാണെങ്കിൽ എന്തിന് അവർ വോട്ട് ചെയ്ത് നിങ്ങളെ ജനനായകനാക്കി ?
ഇന്നലെ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി തന്നെ രംഗത്തെത്തിയിരുന്നു..മറ്റ് സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് സ്വീകരിക്കാത്ത് എന്തെന്നാണ് കോടതി ചോദിച്ചത് നാഗാലാൻഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമർശനം.നാഗാലാൻഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് സംസ്ഥാന സർക്കാർ നടപ്പാക്കിയില്ല. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയ ഒടുവിൽ സുപ്രീംകോടതിയിലെത്തി. ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ രൂക്ഷ വിമർശനം ഉയർത്തിയത്. നിങ്ങൾക്ക് വഴങ്ങാത്ത സംസ്ഥാനസർക്കാരുകൾക്ക് എതിരെ കടുത്തനടപടികൾ സ്വീകരിക്കുന്നു, എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ പോലും ഇടപെടുന്നില്ലെന്ന് കോടതി വിമർശിച്ചു. നാഗാലാൻഡിൽ സ്ത്രീകൾക്ക് സംവരണം നൽകുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചും വാദം കേൾക്കുന്നതിനിടെ പരാമർശം നടത്തി. നാഗാലാൻഡിലെ വിഷയത്തിൽ കേന്ദ്രസർക്കാരിന് അവസാനഅവസരം നൽകുകയാണെന്ന് നിരീക്ഷിച്ച് കോടതി ഇടക്കാല ഉത്തരവും ഇറക്കി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം ഇടപെടുന്നു എന്ന പരാതിക്കിടെയാണ് പരമോന്നത കോടതിയുടെ ഈ നീരീക്ഷണം.
മണിപ്പൂരിൽ 83 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല… മണിപ്പൂരിലെ കാഴ്ചകൾ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎയുടെ തീരുമാനം. അതിനിടെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധിയും രംഗത്ത് വന്നിരുന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര് തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയർത്തുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.