മങ്കിപോക്സ്; വാക്സിന് വികസിപ്പിക്കാനൊരുങ്ങി കേന്ദ്രം
ലോകമെമ്പാടും ആശങ്കയായി മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തില്‍ വാക്സിന് വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. പരിചയ സമ്പന്നരരായ വാക്സിന്, ഇന്‍- വിട്രോ ഡയഗനോസ്റ്റിക് കിറ്റ് നിര്‍മ്മാതാക്കള്‍ താല്പര്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. ഓഗസ്റ്റ് 10നകം താത്പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മങ്കിപോക്സ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മങ്കിപോക്സ് വാക്സിന് നിര്‍മിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന് ദശലക്ഷക്കണക്കിന് ജീവന് രക്ഷിക്കുകയും അണുബാധ നിയന്ത്രണാതീതമാകുന്നത് തടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് കേസുകള്‍ കേരളത്തും ഒന്ന് ഡല്‍ഹിയിലുമാണ്. ലോകമെമ്പാടും 78 രാജ്യങ്ങളിലായി 18,000 ത്തിലധികം കുരങ്ങുവസൂരി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 70 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലും 25 ശതമാനം അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ അഞ്ച് രോഗികള്‍ മരണപ്പെട്ടു.
Content Highlights – Monkey Pox, Preparing to develop Vaccine