മങ്കി പോക്സ്; രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം
ലോകരാജ്യങ്ങളെ ആശങ്കയിലാക്കി നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി (മങ്കി പോക്സ്) വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ക്കും തുറമുറഖങ്ങള്ക്കുമാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. മങ്കി പോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
നിലവില്‍ രോഗബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പനി ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനടി നിരീക്ഷണത്തിലേക്ക് മാറ്റണം. രോഗബാധിതരെന്ന് സംശയം തോന്നുന്ന ആളുകളുടെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയക്കണം. വിദേശത്ത് നിന്നെത്തുന്ന എല്ലാവരെയും തെര്‍മല്‍ സ്കാനിങ് നടത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്ന് എത്തിയവര്‍ മങ്കി പോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ പോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
മങ്കിപോക്സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സസൂക്ഷമമായി നിരീക്ഷിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം 12 രാജ്യങ്ങളായി 130 ലേറെപേര്‍ക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight – Monkey pox; The Union Ministry of Health has issued Vigilance order for airports and ports in the country