നാഷണല്‍ ഹെറാള്‍ഡ് കേസ്; ചൊവ്വാഴ്ച്ചയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഉദ്രോഗസ്ഥര്‍ നാളെയും ചോദ്യം ചെയ്യും. നാല് ദിവസങ്ങളായി 40 മണിക്കൂറുകളോളം രാഹുലിനെ ഇഡി ചോദ്യം ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. നാളെയോടെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കും. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ തൃപ്തികരമായ മറുപടികള്‍ നല്‍കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും കനത്ത പ്രതിഷേധം നടന്നു. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി കോണ്‍ഗ്രസ് എംപിമാരെയടക്കം പൊലീസ് തടഞ്ഞിരുന്നു.
Content Highlights – National Herald Case, Rahul gandhi will be questioned by enforcement officials tomorrow