അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം; തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍ എക്സ്പ്രസ് അടിച്ചു തകര്‍ത്തു
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ഉത്തരേന്ത്യ പ്രക്ഷുബ്ധമാകുന്നു. തിരുവനന്തപുരത്തു ഡൽഹിയിലേയ്ക്ക് പോകുന്ന നിസാമുദ്ദീന്‍ എക്സ്പ്രസിനു നേരെയും ആക്രമണം. മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്റ്റേഷനില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ തീവണ്ടിയ്ക്ക് നേരേ ആക്രമണം നടത്തിയത്. തീവണ്ടിയുടെ എസി കമ്പാർട്ട്മെൻ്റിൻ്റെ ഗ്ലാസുകള്‍ പ്രതിഷേധക്കാർ അടിച്ചു തകര്‍ത്തു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായി യാത്രക്കാര്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച്ച പുറപ്പെട്ട ട്രെയിനില്‍ നിരവധി മലയാളികളുണ്ട്.
സൈന്യത്തിലേക്ക് നാലു വര്‍ഷത്തേക്ക് മാത്രമായി നിയമനം നല്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ശക്തമായ പ്രതിഷേധമാണ് ബിഹാറും ഡല്‍ഹിയും ഉത്തർപ്രദേശും ജമ്മുവുമടക്കമുള്ള പ്രതിഷേധം വ്യാപിക്കുകയാണ് നടക്കുന്നത്.
ബിഹാറിൽ ഗോപാൽ ഗഞ്ച് ജില്ലയിലെ സിദ്ധ് വാലിയ സ്റ്റേഷനിൽ പ്രതിഷേധക്കാർ ഒരു പാസഞ്ചർ തീവണ്ടിയുടെ മൂന്ന് കോച്ചുകൾ കത്തിച്ചു. ഛപ്രയിൽ പന്ത്രണ്ടോളം തീവണ്ടികൾ ആക്രമിച്ച പ്രതിഷേധക്കാർ മൂന്ന് തീവണ്ടികൾ കത്തിച്ചു. കൈമൂറിൽ ഇൻ്റർസിറ്റി എക്സ്പ്രസ് കത്തിച്ചു. നവാദയില്‍ ബിജെപി എംഎല്‍എ അരുണാ ദേവിയുടെ വാഹനം തകര്‍ത്തു. പ്രതിഷേധക്കാർ നവാദയിലെ ബിജെപി ഓഫീസ് അടിച്ചുതകർത്തശേഷം തീയിടുകയും ചെയ്തു.
രാജസ്ഥാൻ്റെ തലസ്ഥാനമായ ജയ്പൂരിൽ വിദ്യാർത്ഥികൾ ഡളി ജയ്പൂർ ദേശീയപാത ഉപരോധിച്ചു. ഇരുവശത്തേയ്ക്കും നാലുകിലോമീറ്ററോളം ദേശീയപാത ബ്ലോക്കായി.
ഹരിയാനയിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഹരിയാനയിലെ പല്‍വലില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ 22 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്.
Content Highlights – Agneepath project, National wide protest, The Nizamuddin Express from Thiruvananthapuram was smashed