നെതന്യാഹുവിൻറെ ഇന്ത്യാ സന്ദർശനം മൂന്നാം തവണയും മാറ്റിവെച്ചു; ഡിസംബർ ആദ്യമെത്തുന്നത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ
തുടർച്ചയായി തന്റെ ഇന്ത്യാ സന്ദർശനം മൂന്നാം തവണയും റദ്ദാക്കിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഈ മാസം 10 ന് പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിനു പിന്നാലെ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ചു നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചുവെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ആഭ്യന്തര വിഷയങ്ങളാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്. ഇന്ത്യയും ഇസ്രയേലും തമ്മിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുമുള്ള ബന്ധം വളരെ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ പൂർണ വിശ്വാസമുണ്ട്. നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയൊരു തീയതി ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചുവരികയാണ്. എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
ഈ വർഷം ഏപ്രിലിലും സെപ്റ്റംബറിലും നിശ്ചയിച്ച യാത്രകൾക്ക് പിന്നാലെയാണ് വർഷാവസാനം നടത്താൻ തീരുമാനിച്ച സന്ദർശനവും റദ്ദാക്കിയത്. ഡിസംബർ ആദ്യവാരം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്താനിരിക്കെയാണ് ഈ നിർണായക നീക്കം എന്നതും ശ്രദ്ധേയമാണ്. നെതന്യാഹുവിന്റെ അവസാനത്തെ ഇന്ത്യാ സന്ദർശനം 2018-ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് ഇതോടെ വീണ്ടും തിരിച്ചടിയേറ്റത്.
സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 2026-ൽ പുതിയൊരു തീയതി കണ്ടെത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് i24ന്യൂസ് റിപ്പോർട്ട് ചെയ്തത്. ചെങ്കോട്ടക്ക് സമീപം സ്ഫോടനമുണ്ടായതിന് പിന്നാലെ നെതന്യാഹു ഇന്ത്യയ്ക്കും മോദിക്കും അനുശോചനം രേഖപ്പെടുത്തുകയും, ഇസ്രയേൽ ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
2025-ലെ മുൻ സന്ദർശനങ്ങളെല്ലാം മാറ്റിവെച്ചത് ആഭ്യന്തര രാഷ്ട്രീയ പരിഗണനകളും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് ഭീഷണിയും കാരണമായിരുന്നു.
ഏപ്രിലിൽ, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടും ബന്ദികളെ മോചിപ്പിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയും ഇസ്രായേലിൽ തെരുവുകളിൽ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവനെ നെതന്യാഹു പുറത്താക്കിയതും ജുഡീഷ്യറി പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളും പ്രകടനക്കാരിൽ പ്രകോപനം ഉണ്ടാക്കിയിരുന്നു. പ്രതിപക്ഷ നേതാക്കളായ ബെന്നി ഗാന്റ്സ്, യെയർ ലാപിഡ് എന്നിവരിൽ പൊതുജനങ്ങൾക്ക് താൽപ്പര്യം വർധിച്ചതായും സർവേകൾ സൂചിപ്പിച്ചിരുന്നു.
സെപ്റ്റംബറിൽ, അൾട്രാ-ഓർത്തഡോക്സ് പാർട്ടികളായ യുണൈറ്റഡ് തോറ ജൂതമത, ഷാസ് പാർട്ടികൾ സഖ്യത്തിൽ നിന്ന് പുറത്തുപോയതിനെത്തുടർന്ന് നെതന്യാഹുവിന്റെ സഖ്യസർക്കാർ ദുർബലപ്പെട്ടു. ഇസ്രയേൽ പാർലമെന്റിൽ സഖ്യത്തിന്റെ ശക്തി വെറും 50 സീറ്റുകളായി കുറഞ്ഞത് സന്ദർശനം മാറ്റിവെക്കാൻ കാരണമായി.
സന്ദർശനം തുടർച്ചയായി മാറ്റിവെക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നില്ല എന്നതിന്റെ സൂചനകൾ ശക്തമാണ്. അടുത്തിടെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഇസ്രയേൽ സന്ദർശിച്ച് നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെ, ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിനുള്ള നിബന്ധനകളിൽ ഒപ്പുവെക്കുകയും ചെയ്തു.
ഈ FTA കരാർ നടപ്പിലാകുന്നതോടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം 30 – 40 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. 2024-25 കാലയളവിൽ ഉഭയകക്ഷി വ്യാപാരം 3.62 ബില്യൺ ഡോളർ ആയിരുന്നു. ഇസ്രയേലിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇത് കൂടാതെ സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും ഒരു ഉഭയകക്ഷി നിക്ഷേപ കരാറിലും ഒപ്പുവെച്ചിരുന്നു.
നിലവിലെ സുരക്ഷാ പ്രശ്നങ്ങളും ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഒക്കെയാണ് ഈ സന്ദർശന പദ്ധതികൾക്ക് തടസ്സമുണ്ടാക്കുന്നത്. എങ്കിലും, നിലവിലെ സാഹചര്യത്തിൽ നയതന്ത്രബന്ധം സാമ്പത്തിക-പ്രതിരോധ തലത്തിൽ മുന്നോട്ട് പോകാനുള്ള ശക്തമായ സംവിധാനങ്ങൾ ഇരു രാജ്യങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. അതിനാൽ, ഈ സന്ദർശങ്ങൾ മുടങ്ങുന്നത് കൊണ്ട് ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ ലക്ഷ്യങ്ങളെ ഒരിക്കലും ബാധിക്കുന്നുമില്ല.













