മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കാൻ ഗവേഷണം തുടങ്ങിയെന്ന് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട്
മങ്കി പോക്സിനുള്ള വാക്സിന് വികസിപ്പിക്കുന്നതിനായി ഗവേഷണം ആരംഭിച്ചെന്ന് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്നും ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചെന്നും പൂനാവാല പറഞ്ഞു.
അതിനിടെ, കേരളത്തില്‍ ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരൂരങ്ങാടി സ്വദേശിയായ 30 കാരന് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയർപോർട്ടിലെത്തിയത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലാണ് സ്ഥിരീകരണം വന്നത്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചയാള്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. യു.എ.ഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനായിരുന്നു ആദ്യം രോഗം സ്ഥീരികരിച്ചത്. പുതിയ മങ്കി പോക്സ് കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്നും എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Content Highlights – Pune Serum Institute, Started research to develop monkey Pox vaccine