തമിഴ് ചലച്ചിത്രപ്രവർത്തകരുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ
കണ്ടെത്തിയത് 200 കോടി രൂപയുടെ തട്ടിപ്പ്
തമിഴ് ചലച്ചിത്ര മേഖലയിലെ നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തുവെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.
നിർമാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നിവരുടെയും ഇവരുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. ചെന്നൈ, മധുര, വെല്ലൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിനിമയിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകൾ പരിശോധനയിൽ കണ്ടെത്തി.
മറ്റുനിർമാതാക്കൾക്ക് പണം പലിശയ്ക്ക് നൽകുകയും ചെയ്യുന്ന അൻപുചെഴിയന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പ്രോമിസറി നോട്ടുകളും വായ്പാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിതരണക്കാർ തിയേറ്ററുകളിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകളും കണ്ടെടുത്തു.
Content Highlights – Tax evasion, 200 crores has been detected, Income Tax Department, on the homes and offices of producers and distributors in the Tamil film industry