“ദ്രൗപദി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണ്?”: വിവാദ ട്വീറ്റിൽ രാം ഗോപാൽ വർമയ്ക്കെതിരെ കേസ്
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പരാമർശിക്കുന്ന വിവാദ ട്വീറ്റിൻ്റെ പേരിൽ പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്. “ദ്രൗപദി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെ”ന്നായിരുന്നു രാം ഗോപാൽ വർമയുടെ ട്വീറ്റ്.
തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് രാം ഗോപാൽ വർമക്കെതിരെ പരാതി നൽകിയത്. ട്വീറ്റിലൂടെ രാം ഗോപാൽ വർമ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയിൽ സൂചിപ്പിച്ചു.
പരാതിക്ക് പിന്നാലെ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ വിശദീകരണം നൽകി.
‘മഹാഭാരതത്തിലെ എൻ്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപദി. ഈ പേര് വളരെ അപൂർവമായതിനാലാണ് പെട്ടെന്ന് ഞാൻ അത് ഓർത്തത്. ആ ഓർമയിൽ ട്വീറ്റ് ചെയ്തതാണ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.’- രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.