റീപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തി റിസർവ്വ് ബാങ്ക്; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി
രാജ്യത്തെ റീപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ്വ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന പണത്തിൻ്റെ പലിശനിരക്കായ റീപ്പോ 4.40 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായാണ് വർധിപ്പിച്ചത്. റീപ്പോ നിരക്കിൽ ഒരു മാസത്തിനിടെ 0.9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. റീപ്പോ നിരക്കിലെ വര്‍ധനവ് ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടുന്നതിന് കാരണമാകും.
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിലാണ് വര്‍ധനവ് ഉണ്ടാവുക. സഹകരണ ബാങ്കുകള്‍ നല്കുന്ന വ്യക്തിഗത ഭവനവായ്പയുടെ പരിധി ഇരട്ടിയാക്കി. ഭവന നിര്‍മാണ ചിലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2018 ഓഗസ്റ്റിനു ശേഷം മെയ് മാസത്തിലാണ് ആദ്യമായി പലിശനിരക്ക് കൂട്ടിയത്. റീപ്പോ നിരക്കില്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലും വര്‍ധനവുണ്ടാകും.
ബാങ്കുകളില്‍ വായ്പാ ഡിമാന്‍ഡ് കൂടുമ്പോള്‍ കൈവശം പണമില്ലെങ്കില്‍ റിസർവ് ബാങ്ക് ബാങ്കുകള്‍ക്ക് കടം കൊടുക്കും. അങ്ങനെ നല്കുന്ന പണത്തിന്റെ പലിശയാണ് റിപ്പോ നിരക്ക്. ഇനി അഥവാ വായ്പ നല്കാന് അവസരമില്ലാതെ ബാങ്കുകളുടെ കൈവശം പണം അധികമായാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് നല്കുന്ന പലിശയാണ് റിവേഴ്സ് റീപ്പോ.
റീപ്പോ നിരക്കിലെ വർധനവ് ബാങ്ക് വായ്പകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. എന്നാല്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശയില്‍ വര്‍ധനവുണ്ടാകുന്നത് ജനങ്ങള്‍ക്ക് നേരിയ ആശ്വാസമാകുകയും ചെയ്യും.
Content Highlights – Reserve Bank Of India Hikes Repo Rate