സ്വന്തം സുരക്ഷയ്ക്കായി ഭിന്നതകള്‍ ഒഴിവാക്കി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് ആര്‍എസ്എസ് മേധാവി
സ്വന്തം സുരക്ഷയ്ക്കായി ഭാഷയുടെയും ജാതിയുടെയും പ്രവിശ്യയുടെയും എല്ലാ ഭിന്നതകളും തര്‍ക്കങ്ങളും ഇല്ലാതാക്കി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
രാജസ്ഥാനിലെ ബാരനില്‍ ആര്‍എസ്എസ് വളണ്ടിയര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഭാഷ, ജാതി, പ്രവിശ്യ എന്നിവയുടെ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഇല്ലാതാക്കി ഒന്നിക്കേണ്ടതുണ്ട്.
ആത്മബന്ധം ശീലിക്കേണ്ട തരത്തിലായിരിക്കണം സമൂഹം. പെരുമാറ്റ അച്ചടക്കവും ഭരണകൂടത്തോടുള്ള കടമയും ലക്ഷ്യബോധമുള്ളവരായിരിക്കലും ഒരു സമൂഹത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാമും നമ്മുടെ കുടുംബവും മാത്രം ഉണ്ടാക്കിയതല്ല സമൂഹം. സമൂഹത്തോടുള്ള സര്വ്വതോന്മുഖമായ കരുതലോടെയാണ് നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തെ നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു എന്ന പദം രാജ്യത്ത് ജീവിക്കുന്ന എല്ലാ വിഭാഗങ്ങളെയും പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.