ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണം; പള്ളിയിലെ നമസ്കാരം തടയരുതെന്ന് സുപ്രീം കോടതി
ഗ്യാന്‍വാപി മസ്ജിദില്‍ ‘ശിവലിംഗം’ കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. അതേസമയം മസ്ജിദിലെ നമസ്കാരം തടയാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. വാരണാസി ജില്ലാ ഭരണകൂടത്തിനാണ് കോടതി നിര്‍ദേശം നല്‍കിയത്. സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് ഭാരവാഹികള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ശിവലിംഗം കണ്ടെത്തിയത് എവിടെ നിന്നാണെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നായിരുന്നു ഉത്തര്‍പ്രദേശിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്കിയ മറുപടി. വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ബുധനാഴ്ച വരെ സമയം വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ശിവലിംഗം കണ്ടെത്തിയ പ്രദേശം സീല്‍ ചെയ്തിരിക്കുകയാണ്. പള്ളിക്കുള്ളിലെ കുളത്തിലാണ് ശിവലിംഗം കണ്ടെത്തിയതെന്നും നമസ്കാരത്തിന് എത്തുന്നവര്‍ കുളത്തിലെ വെള്ളത്തില്‍ കാല് കഴുകിയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. നിസ്കാരത്തിന് മുന്‍പായി അംഗശുദ്ധി വരുത്താനുപയോഗിക്കുന്ന കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് കുളത്തിലുണ്ടായിരുന്ന ജലധാരയായിരുന്നെന്ന് മസ്ജിദ് ഭാരവാഹികള്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍വേ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പായി പ്രദേശം സീല്‍ ചെയ്തതിനെയും പരാതിക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.