ലഡാക്കില്‍ സൈനിക വാഹനം മറിഞ്ഞ് ഏഴു കരസേനാംഗങ്ങള്‍ മരിച്ചു
ലഡാക്കിലെ തുര്‍തുക്ക് സെക്ടറില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് ഏഴു കരസേനാംഗങ്ങള്‍ മരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഷ്യോക്ക് നദിയിലേക്ക് വീഴുകയായിരുന്നു. 50-60 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞതെന്ന കരസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
26 സൈനികരുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനമായ പാര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫെന്ന സൈന്യം വിശേഷിപ്പിക്കുന്ന മേഖലയിലേക്ക് പോകവേയാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴു പേരുടെ ജീവന് രക്ഷിക്കാനായില്ല.
സൈനികരെ ആദ്യം പാര്‍താപൂരിലെ 403 ഫീല്‍ഡ് ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്, പിന്നീട് ചണ്ഡീഗഢിലുള്ള വെസ്റ്റേണ്‍ കമാന്‍ഡ് ഹോസ്പിറ്റലിലേയ്ക്ക് വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോയി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ഉയര്‍ന്ന കരസേന ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight – Seven army persons were killed when a military vehicle overturned in Ladakh