സഞ്ജയ് റാവത്തിന് നേരെയുള്ള എൻഫോഴ്സമെന്റ് നീക്കം രാഷ്ട്രീയ പകപോക്കലെന്ന് ശിവശേന; അനധികൃത ഇടപാടുകൾക്ക് വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി
നേരെയുള്ള ഇ.ഡിയുടെ തിരക്കിട്ട നീക്കം ഉദ്ധവ് താക്കറെ പക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കമെന്ന് ആരോപണം. വിഭാഗീയത നിലനിൽക്കുന്ന ശിവസേനയിൽ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനമാണ് സഞ്ജയ് റാവത്ത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരുമായി ഉദ്ധവ് താക്കറെക്ക് വേണ്ടി സമവായശ്രമങ്ങൾ നടത്തിയതും സഞ്ജയ് റാവത്ത് ആയിരുന്നു.
ആറു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലുമായി ഒമ്പത് മണിക്കൂറോളമാണ് റെയ്ഡ് നടത്തിയത്. റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച ഉദ്ധവ് താക്കറെ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്ന് 11.5 ലക്ഷം രൂപ കണ്ടെടുത്തതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കള്ളപ്പണ ഇടപാട് നടത്തിയതിന്റെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നുമാണ് ഇ.ഡിയുടെ അവകാശവാദം.
പാത്ര ചൗൾ ഭൂമി ഇടപാടിൽ സഞ്ജയ് റാവത്തിന് 1.06 കോടി രൂപ ലഭിച്ചുവെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. എന്നാൽ മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന രാഷ്ട്രീയ പകപോക്കലാണ് റാവത്തിനെതിരെ നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അശോക് മുണ്ടാർഗി വാദിച്ചത്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
റാവത്തിനെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ചു. സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഉദ്ധവിന്റെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെയും പറഞ്ഞു. അതേസമയം റാവത്തിന്റെ കേസ് കോടതിയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
Content Highlights – Shivasena stating that Enforcement Directorate action against Sanjay Raut is a political Revenge