ഇത്തവണ ശോഭയ്ക്ക് സീറ്റ് കൊടുക്കില്ല !
ശോഭാസുരേന്ദ്രന്റെ പരസ്യ പ്രതികരണങ്ങൾ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറികൾക്ക് തിരികൊളുത്തുകയാണ് . ഗ്രൂപ്പ് തർക്കങ്ങൾ പാർട്ടിയിൽ സജീവമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശോഭയെ മുന്നിൽ നിർത്തി കെ.സുരേന്ദ്രനെതിരെ മറുപക്ഷം നയിക്കുന്ന യുദ്ധമാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉടലെടുക്കുന്നുണ്ട്. ശോഭയുടെ നീക്കങ്ങള്‍ വളരെ ആസൂത്രിതമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം. അതോടൊപ്പം തന്നെ ശോഭാ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി പ്രാധാന്യം നല്‍കരുതെന്നും നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം നിർദേശവും നൽകിയിരിക്കുകയാണ്. കെ.സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുമെന്നു പ്രതീക്ഷിച്ചിരുന്ന വിഭാഗം നേതൃമാറ്റമില്ലെന്നു മനസ്സിലാക്കിയതോടെ ഗ്രൂപ്പ് പോരിലേക്ക് ഇറങ്ങിയെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നുണ്ട്.
അതിനിടെ ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈക്കൊള്ളേണ്ട രാഷ്ട്രീയനീക്കങ്ങൾ ചർച്ച ചെയ്യുന്നതിനുനായി സംസ്ഥാന നേതാക്കളെ ദേശീയ നേതൃത്വം പ്രത്യേകം കാണുന്നുണ്ട്. കെ.സുരേന്ദ്രൻ ഈ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം സീറ്റിലേക്കു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിച്ചേക്കുമെന്ന സന്ദേശം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു കൈമാറിയെന്ന സൂചനകളുണ്ട്. രാജീവ് ചന്ദ്രശഖറോടു തിരുവനന്തപുരം കേന്ദ്രീകരിച്ചു പരിപാടികളിൽ പങ്കെടുക്കണമെന്നു നിർദേശിച്ചുവെന്ന വിവരമാണു നേതാക്കൾ കൈമാറുന്നത്. എന്നാൽ ഇപ്പോഴും കർണാടക കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കേരളത്തിൽ മത്സരിക്കുന്നതിനു മുന്നോടിയായി കേരളത്തിന്റെ കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്ന വിവരമുണ്ട്.
രാജീവ് ചന്ദ്രശേഖർ വരുന്നതിനോട് ആർഎസ്എസ് നേതൃത്വവും താൽപര്യം ദേശീയതലത്തിൽ അറിയിച്ചുവെന്നാണു വിവരം. ആദ്യ റൗണ്ട് ചർച്ചയിൽ രാജീവ് ചന്ദ്രശേഖർ എന്ന പേര് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തു ദേശീയ നേതൃത്വത്തിൽ നിന്നു തന്നെ മൽസരിക്കാനാളെത്തുമെന്ന കാര്യത്തിൽ മാറ്റമില്ല. സംസ്ഥാന നേതാക്കളെ മാറ്റി പരീക്ഷിച്ചിട്ടു കാര്യമില്ലെന്നു ദേശീയ നേതൃത്വത്തിനും വ്യക്തതയുണ്ട്. ബി ജെ പി ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തിരുവനന്തപുരം ആണ്. . കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ചാൽ വിജയം ഉറപ്പാണെന്ന് ബി ജെ പി കരുതുന്നു. പ്രമുഖ നേതാവിനെ ഇറക്കിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരനോടു ശ്രദ്ധിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രൻ രണ്ടര ലക്ഷത്തിലേറെ വോട്ടു പിടിച്ചിരുന്നു. ശോഭ സുരേന്ദ്രന് അടുപ്പമുള്ള മണ്ഡലമായതിനാൽ വീണ്ടും ആ സീറ്റ് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വി.മുരളീധരൻ മന്ത്രിയായ ശേഷം ആറ്റിങ്ങൽ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങുകയും അവിടെ പാർട്ടി ഘടകങ്ങളിൽ മത്സരസൂചന നൽകുകയും ചെയ്തു. ഇതാണ് ശോഭയെ ചൊടിപ്പിച്ചതും ഇപ്പോഴത്തെ പരസ്യ പ്രതികരണത്തിലേക്കു നയിച്ചതും.
ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ലോക്സഭാ സീറ്റെന്നാണ് വി മുരളീധരന് പക്ഷം ആക്ഷേപിക്കുന്നത്.. കെ. സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷനായതിനുപിന്നാലെയാണ് ശോഭ സുരേന്ദ്രന് പാർട്ടിയിൽ അവഗണന നേരിട്ടുതുടങ്ങുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇവരെ വൈസ് പ്രസിഡന്റാക്കി തരംതാഴ്ത്തി. പാർട്ടി പരിപാടികളില്‍നിന്നും ഒഴിവാക്കി. അവഗണനയ്ക്കെതിരെ പലതവണ ശോഭ തന്നെ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല.എന്നാൽ, ശോഭയ്ക്ക് പരിപാടികളില്‍ ഇടംനല്കി കെ. സുരേന്ദ്രനെതിരെ പടയൊരുക്കം നടത്തുന്നത് കൃഷ്ണദാസ് പക്ഷമാണ്. അടുത്തിടെ കോഴിക്കോട്ട് തുടർച്ചയായി രണ്ടു പരിപാടികളിലാണ് ശോഭ പങ്കെടുത്തത്. പാർട്ടി അധ്യക്ഷന്റെ ജില്ലയിലെ പരിപാടികളിലുള്ള ശോഭയുടെ സാന്നിധ്യം അധ്യക്ഷനോടുള്ള വെല്ലുവിളിയായാണ് ഔദ്യോഗിക വിഭാഗം വിലയിരുത്തുന്നത്.ശോഭയെ മുന്‍നിർത്തി സംസ്ഥാന അധ്യക്ഷനെതിരെ അദ്ദേഹത്തിന്റെ ജില്ലയിൽ തന്നെ പടയൊരുക്കം തുടങ്ങുകയാണ് ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷമെന്നാണ് വിലയിരുത്തല്‍…