ബുള്‍ഡോസര്‍ രാജ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ നിയമവിരുദ്ധമായി ഇടിച്ചുനിരത്തിയെന്ന ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി. ഏതു നടപടിയും നിയമപരവും നടപടിക്രമങ്ങള്‍ പാലിച്ചുള്ളതുമാണെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു.
അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിയമവിധേയമായി വേണം. അത്തരം പ്രവൃത്തികള്‍ പകരംവീട്ടലാകരുത്. നിയമവാഴ്ച്ച ഉറപ്പുവരുത്തിക്കൊണ്ടാകണം ഏതു നടപടിയും. അത് പൗരന്മാര്ക്ക് ബോധ്യമാവുകയും വേണം. അധികൃതര്‍ എല്ലാ നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതായും ബെഞ്ച് പറയുന്നു. നോട്ടീസില്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ വീട് ഒഴിയാന്‍ സമയം നല്‍കാതെയാണ് അധികൃതര്‍ അക്രമം കാണിച്ചതെന്ന് ജമാഅത്തെ ഉലമ ഹിന്ദിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് സിയു സിങ് പറഞ്ഞു. കെട്ടിടെ പൊളിക്കുന്നതിന് മുന്‍പ് 15 മുതല്‍ 40 ദിവസെ വരെ നോട്ടീസ് നിര്‍ബന്ധമായും നല്‍കണം. ഇപ്പോള്‍ നടന്നു വരുന്നത് ഭരണഘടനാ വിരുദ്ധവും ഒരു സമുദായത്തെ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights – Demolishing Homes, Uttarpradesh, blasphemy of the Prophet, Supreme Court sends notice