കേന്ദ്രം മുട്ടുമടക്കി; പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ സമിതിയെ സസ്പെൻഡ് ചെയ്തു
രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബോഡിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു.
‘ഡബ്ല്യുഎഫ്ഐയുടെ ഭരണഘടന വ്യവസ്ഥകള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബിജെപി എംപിയും മുൻ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് വ്യാഴാഴ്ചയാണ് ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ തെരുവിലിറങ്ങിയ ഗുസ്തിക്കാരുടെ പിന്തുണയോടെ മത്സരിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെതിരെ 47ല്‍ 40 വോട്ടും നേടിയാണ് സഞ്ജയ് സിംഗ് വിജയം ആഘോഷിച്ചത്.
ഈ സമിതിയെയാണ് കായിക മന്ത്രാലയം ഇപ്പോള്‍ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍, മറ്റു മാര്‍ഗമില്ലാതെ അവതാളത്തിലായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.