അമിതാഭ് ബച്ചനെ ഞെട്ടിച്ച ഗുജറാത്തിലെ കുട്ടി; ഇതൊന്നും അത്രക്ക് നല്ലതല്ല മോനേ, മുന്നിൽ ഇരിക്കുന്നത് ആരാണെന്നെങ്കിലും അറിയണ്ടേ??

‘കോൻ ബനേഗാ ക്രോർപ്പതി’ അഥവാ കെബിസി എന്ന ടെലിവിഷൻ ഷോ ഇന്ത്യയിൽ എന്നല്ല ലോകമാകെ ശ്രദ്ധ നേടിയ പരിപാടിയാണ്. മലയാളത്തിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്നതിന്റെ ഹിന്ദിപതിപ്പ് അല്ലെങ്കിൽ ഒറിജിനൽ വേർഷൻ ആണിത്. ആ ഷോയിലെ ഒരു എപ്പിസോഡാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഒരു കുട്ടിയായിരുന്നു ആ എപ്പിസോഡിലെ മത്സരാർത്ഥി. ഈ കുട്ടിയുടെ പ്രകടനത്തെയാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.
ഈ കുട്ടി ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. തുടക്കത്തിൽ ഗെയിമിന്റെ നിയമങ്ങൾ വിശദീകരിക്കാനെത്തിയ അമിതാഭ് ബച്ചനോട് സംവദിച്ച രീതിയാണ് പലരെയും ഞെട്ടിച്ചത്. ഗുജറാത്തിൽ നിന്നുള്ള ഇഷിത് ഭട്ട് ഹോട്ട് സീറ്റിലെത്തിയതോടെ, ഗെയിമിന്റെ നിയമങ്ങൾ തനിക്ക് അറിയാമെന്നും, അതൊന്നും പറഞ്ഞു തരാൻ നിൽക്കേണ്ട എന്നും വളരെ ഷാർപ്പ് ആയിട്ടാണ് പറഞ്ഞത്. ഒരു കുട്ടി പറയുമ്പോൾ അതിൽ ദേഷ്യം തോന്നേണ്ട കാര്യമില്ലെങ്കിലും അത് പറയുന്ന ഭാവം, രീതി ഒക്കെ തീർത്തും അരോചകമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ഷോയിൽ പങ്കെടുക്കാൻ വരുമ്പോൾ ഈ കുട്ടിയോട് അവന്റെ വീട്ടുകാർ പറഞ്ഞു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിലെ നിയമങ്ങൾ പറയുന്നത് ഈ ഷോ കാണുന്നവർക്ക് കൂടി വേണ്ടിയാണ്. വര്‍ഷങ്ങളായി കാണുന്നവർക്കൊപ്പം പുതിയതായി ഇത് കാണുന്നവരും ഉണ്ടാകും. അതുകൊണ്ട് റൂൾസ് എല്ലാം പറയേണ്ടത് നിർബന്ധവുമാണ്. അതേപോലെ ഇതേ സംപ്രേഷണം ചെയ്യുന്ന സമയം എല്ലാം ഒപ്പിച്ച് പോകേണ്ടതുണ്ട്. അല്ലാതെ ഗുജറാത്തിലെ അത്ഭുത ബാലൻ കേറി വരുമ്പോൾ മാറ്റാനുള്ളതല്ല ഒരു ജനപ്രിയ ഷോയിലെ നിയമങ്ങൾ.
തന്നോട് ചോദ്യങ്ങൾ; ചോദിക്കുന്നത് ആരാണെന്നെങ്കിലും ഈ കുട്ടി വ്യക്തമായി അറിഞ്ഞിരിക്കണമായിരുന്നു. അത് വീട്ടുകാർ പറഞ്ഞ് കൊടുക്കണമായിരുന്നു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി മമ്മൂട്ടി മോഹൻലാൽ, രജനികാന്ത് കമൽഹസൻ, ചിരഞ്ജീവി, ഷാരൂഖ് ഖാൻ, അമീർ ഖാൻ എന്നിങ്ങനെ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ ഇന്ന് ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന മെഗാ സൂപ്പർസ്റ്റാർ ഒരാളേയുള്ളു. അമിത് ബച്ചനെന്ന ലോകം മുഴുവൻ ആരാധകരുള്ള ആ താരമാണ് അവിടെ ഇരിക്കുന്നത്.
ആദ്യ ചോദ്യത്തിന് തന്നെ തനിക്ക് ഓപ്ഷൻ വേണ്ട ലോക്ക് ചെയ്യാനാണ് ഈ മിടുക്കൻ പറഞ്ഞത്. അതും അമിതാഭ് ബച്ചൻ സംസാരിക്കുന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ ഇടയിൽ കയറിയാണ് പറയുന്നത്.
ആദ്യ ചോദ്യം രാവിലെ കഴിക്കുന്ന ഭക്ഷണം ഏത് പേരിലാണ് അറിയപ്പെടുന്നത് എന്നായിരുന്നു. ബ്രീക്ഫസ്റ്റ് എന്ന് കുട്ടി ഉത്തരവും പറഞ്ഞു. പിന്നീട് ഒരു ലോക്ക്, താഴിന്റെ ചിത്രം കാണിച്ചിട്ട് അതിന്റെ ഉപയോഗം ചോദിച്ചു. അത് ഡോർ പോറ്റാനുള്ളതാണെന്ന ഉത്തരവും പറഞ്ഞു. ഏറ്റവും സിംപിളായ ചോദ്യങ്ങളാണ് ചോദിക്കുന്നത്. കാരണം ഇത് കുട്ടികൾക്കുള്ള പ്രത്യേക പരിപാടിയാണ്.
വീണ്ടും ചോദിച്ചപ്പോൾ ഓപ്ഷൻ വേണ്ട എന്ന് ദേഷ്യത്തോടെയാണ് ഈ കുട്ടി പറയുന്നത്. ആദ്യമായി അമിതാഭ് ബച്ചനും കുറച്ച് ഇഷ്ടക്കേട് തോന്നിക്കാണും. അദ്ദേഹം പറഞ്ഞത് ഇത് മോന് വേണ്ടിയല്ല. ഈ പരിപാടി കാണുന്നവർക്ക് കൂടെ വേണ്ടിയാണ് ഓപ്ഷൻ കാണിക്കുന്നതെന്ന്.
അങ്ങനെ 20,000 രൂപയ്ക്കുള്ള ചോദ്യം വന്നു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ ആദ്യ കാണ്ഡത്തിന്റെ പേര് ആണ് ചോദിച്ചത്. അതോടെ ഗുജറാത്തിലെ ബുദ്ധിമാനായ കുട്ടിക്ക് ഉത്തരംമുട്ടി. ഓപ്ഷൻ വേണമെന്ന് പറഞ്ഞു. ആ സമയത്ത് അമിതാഭ് ബച്ചൻറെ എക്സ്പ്രഷനും ഒന്ന് കാണേണത് തന്നെയാണ്. കെബിസി എന്ന പ്രോഗ്രാം ഇപ്പോൾ മോന് മനസ്സിലായോ എന്ന് ശബ്ദമില്ലാതെ ആ വേദിയിൽ അദ്ദേഹം ചോദിച്ച പോലാണ് തോന്നിയത്.
ഓപ്ഷൻ കിട്ടിയപ്പോൾ കുട്ടി വീണ്ടും ആവേശത്തിൽ തന്നെ അയോധ്യാകാണ്ഡം ലോക്ക് ചെയ്യാൻ ബഹളം വെക്കുന്നു. ബച്ചന് പല തരത്തില്‍ ഉത്തരം തെറ്റാണെന്ന് സൂചന നല്‍കിയെങ്കിലും ലോക്ക് ചെയ്തോളൂവെന്നായിരുന്നു കുട്ടിയുടെ മറുപടി. ശരിയുത്തരം ബാലകാണ്ഡം ആയത് കൊണ്ട് മത്സരത്തിൽ നിന്നും ഒറ്റ പൈസ പോലും കിട്ടാതെ കുട്ടി പുറത്താകുന്നു.
ഈ ഷോ കാണുന്ന പലരും കണ്ടിട്ടുണ്ടാകും എത്രയോ പേരെയാണ് അമിതാഭ് ബച്ചൻ സൂചനകൾ കൊടുത്ത് പലപ്പോളും രക്ഷപ്പെടുത്തുന്നത് എന്ന്. ചെറിയ തുകയുമായിട്ടാണ് മിക്കവാറും ആളുകൾ മടങ്ങുന്നത്.
“ചിലപ്പോൾ കുട്ടികൾ അമിത ആത്മവിശ്വാസം കാരണം തെറ്റുകൾ വരുത്തും” എന്നാണ് ബച്ചൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള പ്രതികരണങ്ങൾ ഉയർന്നുവരികയും ചെയ്തു. പലരും ബച്ചന്റെ ക്ഷമയെയും പക്വതയെയും അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ കുട്ടിയുടെ അമിതമായ ആത്മവിശ്വാസത്തെയും സംസാരരീതിയെയും വിമർശിക്കുന്നു. കുട്ടിയുടെ അമിത ആത്മവിശ്വാസമാണെന്നും മുതിർന്നവരോട് ബഹുമാനമില്ല എന്നുള്ളതാണ് കുട്ടിക്കും മാതാപിതാക്കൾക്കെതിരായ സോഷ്യൽ മീഡിയ വിമർശനത്തിന് കാരണം.
മത്സരാര്‍ത്ഥിയുടെ അമിത ആത്മവിശ്വാസവും ഭാവവുമെല്ലാം ആരെയും കുറച്ചൊക്കെ അസ്വസ്ഥ മാക്കുന്നതാണ്. കുട്ടിയുടെ ആദ്യത്തെ ഡയലോഗ് നോക്കുക – ‘എനിക്ക് നിയമങ്ങൾ എല്ലാം അറിയാം, അതുകൊണ്ട് ഇപ്പോൾ നിങ്ങൾ എനിക്ക് നിയമങ്ങൾ പറഞ്ഞു തരാൻ ഇരിക്കേണ്ട’’.
എന്നിട്ടും മത്സരത്തിൽ ഉടനീളം ഈ കുട്ടിയുടെ പെരുമാറ്റത്തേയും സംസാരത്തേയും വളരെ ക്ഷമയോടെയും സംയമനത്തോടെയുമാണ് അമിതാഭ് ബച്ചന് നേരിട്ടത്.
കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ വിവരമോ ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. മുന്നിലിരിക്കുന്ന മുതിര്‍ന്ന ഒരു വ്യക്തിയോട് എങ്ങനെ പെരുമാറണമെന്നും ബഹുമാനിക്കണമെന്നും അറിഞ്ഞിരിക്കണം. അത് ഇത്തരം ഷോകളിൽ മാത്രമല്ല, ഭാവിയിൽ ജോലിക്കായുള്ള അഭിമുഖങ്ങളിൽ വരെ ഇതൊക്കെ ദോഷം ചെയ്തേക്കാം.
ചെറിയ കുട്ടിയെ രൂക്ഷമായി വിമർശിക്കുന്നതും ശരികേടാണ്. അതുകൊണ്ട് ഇതെല്ലം തിരുത്തി നല്ല മിടുക്കനായി വരട്ടെ എന്ന് മാത്രം ആശംസിക്കുന്നു.