രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം ജൂലൈ 21ന്
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം ജൂലൈ 21 നാണ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ ആയിരിക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 15ന് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകുമെന്ന് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥിയെ 50 ആളുകള്‍ പിന്തുണയ്ക്കണം. ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ് നടക്കുക. 4033 എംഎല്‍എമാരും 776 എംപിമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. എംപിമാര്‍ക്ക് പാര്‍ലമെന്റിലും എംഎല്‍എമാര്‍ക്ക് നിയസഭകളിലുമാണ് വോട്ട്.
Content Highlight – Election Commission, 16th Presidential Election, held on July 18, India