ജഗ്ദീപ് ധൻകറിൻറെ രാജി രാഷ്ട്രപതി അംഗീകരിച്ചു; ശശി തരൂർ ഇന്ത്യയുടെ ഉപ രാഷ്ട്രപതി സ്ഥാനത്തേക്ക്??

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്.
2022-ൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ധൻകറിന് 2027 വരെ കാലാവധി ഉണ്ടായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്ന ധൻകർ, ഇന്നലെ രാജ്യസഭയിൽ എത്തി സഭാ നടപടികൾ നിയന്ത്രിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് രാജി പ്രഖ്യാപിച്ചത്. ഈ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും വഴി ഒരുക്കുന്നുണ്ട്. ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, പുതിയ അംഗത്തെ തിരഞ്ഞെടുക്കാൻ ഉടൻ നടപടികൾ ആരംഭിക്കും.
ആർട്ടിക്കിൾ 66 അനുസരിച്ച്, ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ‘ഇലക്ടറൽ കോളേജ്’ ആണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. ലോക്സഭയിലെ 543 ഉം , രാജ്യസഭയിലെ 245 ഉം എംപിമാർ ഉൾപ്പെടുന്ന 788 അംഗ ഇലക്ടറൽ കോളേജാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.
വർഷകാല സമ്മേളനം നടക്കുമ്പോൾ തന്നെ പുതിയ ഉപ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനാണ് ഇപ്പ്പോലത്തെ നീക്കം. എൻഡിഎ സ്ഥാനാർത്ഥികളുമായി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലുള്ള തരൂരിനെയായിരിക്കാം അടുത്ത ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നതെന്നും സൂചനയുണ്ട്.
തിരുവനന്തപുരം എംപിയായ ശശി തരൂർ, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും പരസ്യമായി പുകഴ്ത്തിയിരുന്നു. കൂടാതെ കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചത്, തരൂർ പാർട്ടി യോഗങ്ങളിലെ ചർച്ചകൾ മോദിക്ക് കൈമാറുന്നു എന്നാണ്. “കോൺഗ്രസ് പാർലമെന്ററി യോഗങ്ങളിൽ തരൂരിനെ അനുവദിക്കരുത്. അവിടെ ചർച്ച ചെയ്യുന്നത് അദ്ദേഹം മോദിയോട് പറയും,” എന്നാണ് ഉണ്ണിത്താൻ പറഞ്ഞത്.
“കോൺഗ്രസിനെയും ഇന്ദിരാഗാന്ധിയെയും അദ്ദേഹം ആക്രമിക്കുന്നു. സഞ്ജയ് ഗാന്ധിയെ കുറ്റപ്പെടുത്തി,”എന്നാണ് കെ മുരളീധരൻ പറയുന്നത്. തരൂർ പാർട്ടി വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ “പാർട്ടിക്ക് മുമ്പേ രാഷ്ട്രം” എന്ന തന്റെ നിലപാട് ആവർത്തിച്ച് കൊണ്ട് ശശി തരൂർ സ്വയം ന്യായീകരിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം മറ്റ് പാർട്ടികളുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൊച്ചിയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.
അതേസമയം, തരൂർ ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്നത് പാർട്ടിക്കകത്തും പുറത്തും ശ്രദ്ധേയമായ ചർച്ചയാണ് . കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് സുരേഷ് ഗോപിക്ക് അദ്ദേഹം ഫോൺ നമ്പറുകൾ കൈമാറി. യുഎസിലേക്കുള്ള പ്രതിനിധി സംഘത്തിൽ പങ്കെടുത്ത ബിജെപി നേതാക്കളായ തേജസ്വി സൂര്യ, പ്രഫുൽ പട്ടേൽ എന്നിവരുമായും തരൂർ കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ കോൺഗ്രസ് വിഭാഗത്തിൽ തരൂരിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ, ദേശീയ സുരക്ഷ പോലുള്ള വിഷയങ്ങളിൽ തരൂരിനെതിരെ നടപടിയെടുക്കുന്നത് രാഷ്ട്രീയമായി ദോഷകരമാകുമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഭയക്കുന്നുണ്ട്. തരൂരിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ പാർട്ടിക്ക് ഇനിയും വ്യക്തത വന്നിട്ടില്ല.
എന്തായാലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനവും സമയക്രമവും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പുറപ്പെടുവിക്കും. അതോടൊപ്പം സ്ഥാനാർത്ഥിയെ ബിജെപിയും പ്രഖ്യാപിക്കും.