വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം
രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം. ജൂണ്‍ ഒന്നാം തീയതി മുതല്‍ വര്‍ധിപ്പിച്ച വില നിലവില്‍ വരും. വാഹനാപകടത്തില്പെടുന്ന മൂന്നാമത്തെയാളുടെ പരിരക്ഷ ഉറപ്പാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്.
ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ 2072 രൂപയാണ്. 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3221 രൂപയായിരുന്നു. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ധന താരതമ്യേന കുറവാണ്. നിലവില്‍ 7890 രൂപയാണ് പ്രീമിയം നിരക്ക്. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ 7897 രൂപയാകും.
കാറുകള്‍ക്ക് മാത്രമല്ല ഇരുചക്ര വാഹനങ്ങള്‍ക്കും പ്രീമിയം നിരക്കില്‍ വര്‍ധനവ് വന്നിട്ടുണ്ട്. 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള വാഹനങ്ങള്‍ക്ക് 1366 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കും. വിന്റേജ് കാറുകളുടെ പ്രീമിയത്തില്‍ 50 ശതമാനം ഇളവാണ് ലഭിക്കുക. കൂടാതെ ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 7.5 ശതമാനം ഇളവും ലഭിക്കും.
Content Highlight – The Union Ministry of Transport and Highways has increased the third party insurance premium for vehicles in the country