രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; മത്സരിക്കാൻ സന്നദ്ധതയറിയിച്ച് യശ്വന്ത് സിന്‍ഹ
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായേക്കും. മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത് സിൻഹ പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അന്തിമയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചേരും.
വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയമായിരിക്കുന്നു എന്ന് യശ്വന്ത് സിന്‍ഹ ട്വീറ്റില്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി തനിക്ക് നല്കിയ ബഹുമാനത്തിനും അന്തസ്സിനും നന്ദിയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതിനുള്ള തീരുമാനം മമത അംഗീകരിക്കുമെന്ന ഉറപ്പുണ്ടെന്നും സിന്‍ഹ ട്വീറ്റില്‍ പറയുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനാണ്. 84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights – Presidential Election, Trinamool Congress leader Yashwant Sinha, may be the opposition candidate