ട്രമ്പ് ഇന്ത്യക്കാർക്ക് നൽകിയ സമ്മാനം: ഈ മാസം വില കുറയാൻ പോകുന്നത് 175 ൽ കൂടുതൽ സാധനങ്ങൾക്ക്

രാജ്യത്ത് ജി.എസ്.ടി. നികുതി പത്തുശതമാനം കുറയ്ക്കാനുള്ള നീക്കത്തിനു പിന്നാലെ, ഇന്ത്യയില്‍ വിലകുറയുന്നത് 175 ൽ കൂടുതൽ ഇനങ്ങള്‍ക്കാണ് .ടൂത്ത് പേസ്റ്റ് മുതല്‍ ഹൈബ്രിഡ് കാറുകളും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഐറ്റങ്ങളുംവരെ ഇക്കൂട്ടത്തില്‍ പെടും. നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് വ്യാപാര യുദ്ധത്തിനു പിന്നാലെയാണ് ഇന്ത്യയിലെ നികുതി സംവിധാനത്തില്‍ അടിമുടി അഴിച്ച് പണിയാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്നു പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 15ന് നികുതിയില്‍ അടിമുടി പരിഷ്കാരമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ട്.
ടാല്‍ക്കം പൗഡര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്റെജ് പോലുള്ള കമ്പനികള്‍ക്ക് ഇത് മികച്ച നേട്ടമാകും. എസികളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാകുന്നതോടെ സാംസങ്, എല്‍ജി ഇലക്ട്രോണിക്സ്, എന്നിവയ്ക്കു ഗുണം ചെയ്യും. സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏതൊക്കെ ഇനങ്ങളുടെ നികുതി കുറയുമെന്ന കാര്യത്തില്‍ ജി.എസ്.ടി. കൗണ്‍സിലിനു നേതൃത്വം നല്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തത വരുത്തുമെന്നാണ് അറിയുന്നത്.
അമേരിക്ക പ്രതികാര നടപടി പോലെ ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി വര്‍ധനയുടെ തിരിച്ചടി മയപ്പെടുത്താന്‍ വേണ്ടിയാണ് ഇന്ത്യ നികുതിയില്‍ വമ്പന്‍ പരിഷ്കരണം വരുത്തുന്നതെന്നാണു വിവരം. ഇന്ത്യയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്കു പ്രോത്സാഹനം നല്കാന് ഈ നീക്കം വളരെ ഉപകാരപ്പെടും എന്നാണ് കരുതുന്നത്.
ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യുന്ന വളം, കൃഷിക്കുപയോഗിക്കുന്ന യന്ത്രങ്ങള്‍, ട്രാക്ടറുകള്‍, ഇവയുടെ പാര്‍ട്സുകള്‍ എന്നവയുടെ നികുതിയും 12 ശതമാനം മുതല്‍ അഞ്ചു ശതമാനംവരെ കുറച്ചേക്കും. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ടെക്സ്റ്റൈല്‍സ് ഉത്പന്നങ്ങള്‍ക്കും നികുതി കുറവ് സഹായകമാകും. നിലവില്‍ വസ്ത്ര കയറ്റുമതിയെയാണ് ട്രംപിന്റെ താരിഫ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.
ജപ്പാനില്‍നിന്നുള്ള കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, സുസുക്കി എന്നിവയുടെ പെട്രോള്‍-ഹൈബ്രിഡ് കാറുകളുടെ നികുതി 28 ശതമാനത്തില്‍നിന്നു 18 ശതമാനമാക്കി കുറയ്ക്കാനാണു നീക്കം. പെട്രോളില്‍ ഓടുന്ന കാറുകളേക്കാള്‍ മെച്ചമുള്ള ഹൈബ്രിഡ് ചെറുകാറുകളുടെ നികുതി കുറയ്ക്കണമെന്നത് ഈ കമ്പനികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കമ്പസ്റ്റിയന്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുകള്‍കൂടി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് കാറുകളുടെ നികുതി ഇലക്ട്രിക് കാറുകള്‍ക്കുള്ള നികുതിയുടെ അടുത്തെത്തും. നിലവില്‍ 5 ശതമാനമാണ് ഇലക്ട്രിക് കാറുകളുടെ നികുതി. ടാറ്റ മോട്ടോഴ്സ്, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര എന്നിവ ഹ്രൈബ്രിഡ് കാറുകളുടെ നികുതി കുറയ്ക്കുന്നത് ഇലക്ട്രിക് കാറുകളുടെ വിപണിയെ ബാധിക്കുമെന്ന ആശങ്കയും പങ്കുവച്ചിരുന്നു.
350 സിസിയില്‍ താഴെയുള്ള ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും നികുതി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 20 മില്യൺ ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്, ടിവിഎസ് മോട്ടോഴ്സ് എന്നിവ വിറ്റഴിച്ചത്.
ഇന്ത്യയുടെ ചെറുകാര്‍ വിപണിക്കും ഉത്തേജനം നല്കാന് ഈ നികുതി പരിഷ്കാരം സഹായിക്കും. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ മൊബൈല്‍ മാര്‍ക്കറ്റാണ് ഇന്ത്യ. മാരുതി സുസുക്കി, ഹുണ്ടയ് മോട്ടോര്‍, ടാറ്റ മോട്ടോഴ്സ് എന്നിവയ്ക്കും ഈ നികുതി പരിഷ്കാരം ഗുണം ചെയ്യും.
എന്നാല്‍, 4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള വലിയ കാറുകള്‍ക്കുള്ള നികുതി 40 ശതമാനമാകും. പക്ഷെ , മൊത്തം ചെലവ് ഇപ്പോഴുള്ളതിനോട് അടുത്ത നില്ക്കാന് പാകത്തില്‍ മറ്റു നികുതികള്‍ ഇത്തരം വാഹനങ്ങളുടെ കാര്യത്തില്‍ പരിഷ്കരിക്കാനും സാധ്യതയുണ്ട്.
പന്തയം, കാസിനോകള്‍, കുതിരയോട്ടം എന്നിവയ്ക്കുള്ള നികുതി കാര്യമായി ഉയര്‍ത്തിയേക്കും. പെപ്സി, കൊക്കകോള എന്നിവയ്ക്കുള്ള നികുതി കുറയ്ക്കണമെന്ന ആവശ്യമുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.