സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി; വേഗമേറിയ റെയില്‍ ഗതാഗതം ആവശ്യമെന്ന് കേന്ദ്രമന്ത്രി
സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ ബദല്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വേയുടെ പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
സില്‍വര്‍ലൈനിന്റെ ഡി പി ആര് സംബന്ധിച്ച് ഉയർന്ന അവ്യക്തതകള്‍ തുടരുകയാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ റെയില്‍വേ മന്ത്രാലയവും കേരളവും തമ്മില്‍ കത്തിടപാടുകള്‍ നടത്തിവരികയാണ്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയിലെ അവ്യക്തതകള്‍ നീക്കാന്‍ കേരളസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മന്ത്രി വി മുരളീധരൻ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുരളീധരന് നിവേദനം നല്കി. പദ്ധതി ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
തീവണ്ടികള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപണികള്‍ക്കായുള്ള പിറ്റ്ലൈനുകള്ക്കും ക്വാര്ട്ടേഴ്സിനുമുള്ള സൗകര്യങ്ങളാണ് നേമത്ത് നടത്താനായി ഉദ്ദേശിച്ചത്. നേമം റെയില്‍വേ ടെര്‍മിനല്‍ നിലവില്‍ വന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlights – Indian Railways is considering an alternative project in case of Silver Line, V Muraleedharan