ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്; ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍കറെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന പാര്‍ലമെന്ററി യോഗത്തില്‍ വച്ചായിരുന്നു തീരുമാനം. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.
രാജസ്ഥാന് സ്വദേശിയായ ജഗദീപ് ധന്‍കര്‍ 2019 ജൂലൈ 30 മുതല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറാണ്. കൂടാതെ അദ്ദേഹം സുപ്രീം കോടതി അഭിഭാഷകനുമായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച് ലോക്സഭാംഗമായ ജഗദീപ് 1993-98ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായി.
ഓഗസ്റ്റ് 6-ാം തീയതിയാണ് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടക്കുക. ജൂലൈ 19-ാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്താം തീയതി അവസാനിക്കും. ലോക്സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരാണ് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരെഞ്ഞെടുക്കാന്‍ ഞായറാഴ്ച്ച കോണ്‍ഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും.
Content Highlights – Vice-Presidential Election, Bengal Governor Jagdeep Dhankar selected as NDA candidate