ബിജെപിക്ക് എതിരേ ശബ്ദിക്കാൻ വിനേഷ് പാർലമെന്റിൽ എത്തും; രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനൊരുങ്ങി കോൺഗ്രസ്സ്
ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്. വിനേഷിനെ ഹരിയാനയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് അയക്കാനാണു പുതിയ നീക്കം. ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. പിന്നാലെ പിന്തുണയുമായി മകനും കോണ്‍ഗ്രസ് ലോക്സഭാ അംഗവുമായ ദീപേന്ദര്‍ ഹൂഡയും രംഗത്ത് വന്നു.
ദീപേന്ദര്‍ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് വിനേഷ് ഫോഗട്ടിനു നല്‍കാനാണ് ആലോചന നടക്കുന്നത്. തന്റെ സീറ്റ് താരത്തിനു നല്‍കുമെന്ന് ദീപേന്ദര്‍ വ്യക്തമാക്കിയിട്ടണ്ട്. നിലവില്‍ ആ സീറ്റില്‍ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ യോഗ്യയായ ആള് വിനേഷ് ഫോഗട്ട് ആണെന്നും അദ്ദേഹം ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സെപ്റ്റംബറിലാണ് ഹരിയാനയിലെ ഒഴിവുള്ള സീറ്റിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിനേഷ് ഫോഗട്ടിനു പ്രചോദനമായി അവരെ രാജ്യസഭയിലേക്ക് അയക്കണമെന്നായിരുന്നു ഭൂപീന്ദര്‍ ഹൂഡ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞു, സംസ്ഥാനത്ത് ഞങ്ങള്‍ക്കു ഭൂരിപക്ഷമില്ല, ഹരിയാനയിലെ എല്ലാ കക്ഷികളും ഈ വിഷയത്തിൽ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും ലോകത്തിനും മുന്നില്‍ ധീരതയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് വിനേഷ് എന്നും ദീപേന്ദര്‍ ഹൂഡ ചൂണ്ടിക്കാട്ടി. വിനേഷ് പരാജയപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയം കവരുകയും ചെയ്തിരിക്കുകയാണ്. മോഡി സർക്കാരിന്റെ കായിക സംവിധാനമാണ് ഇവിടെ പരാജയപ്പെട്ടിരിക്കുന്നത്. സ്വര്‍ണ മെഡല്‍ ജേതാവിനു നല്കുന്ന എല്ലാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കു നല്‍കണമെന്നും ദീപേന്ദര്‍ ആവശ്യപ്പെട്ടു.
വിനേഷിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന് ഭൂപീന്ദര്‍ സിങ് ഹൂഡ ആവശ്യപ്പെടുന്ന വിഡിയോ എക്സില്‍ പങ്കുവച്ചു ദീപേന്ദര്‍ ഇതേ കാര്യം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ വിമര്‍ശനവുമായി വിനേഷിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയനാടകമാണെന്നാണ് വല്യച്ചനും മുന്‍ ഗുസ്തി താരവുമായ മഹാവീര്‍ ഫോഗട്ട് കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനയോട് പ്രതികരിച്ചത്. 2016 ഡിസംബറിൽ പുറത്തിറങ്ങി റേക്കോഡ് നേടിയ ഹിന്ദി ചിത്രം ദംഗൽ, മഹാവീർ ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ്. കോമൺ വെൽത്ത് ഗുസ്തി സ്വർണ്ണമെഡൽ ജേതാവും, ഒളിമ്പിക് മൽസരാർഥിയുമായ ഗീതാ ഫോഗട്ടും, 2012ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ബബിത ഫോഗട്ടും മഹാവീർ സിംഗിന്റെ മക്കളാണ്. മഹാവീറിന്റെ സഹോദര പുത്രിയാണ് വിനീഷ് ഫോഗട്ട്. അന്ന് ഹൂഡ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരു ന്ന സമയത്ത് മക്കൾ രണ്ടുപേരും ഡിവൈ.എസ്.പിമാര്‍ ആകേണ്ടതായിരുന്നു. പകരം ഗീതയെ ഇന്‍സ്പെക്ടറും ബപിതയെ സബ് ഇന്‍സ്പെക്ടറുമായി നിയമിച്ച് വിവേചനം കാണിക്കുകയാണ് ഹൂഡ ചെയ്തത്. പിന്നീട് കോടതിയെ സമീപിച്ചാണ് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കിയതെന്നും മഹാവീര്‍ ഫോഗട്ട് പറയുന്നുണ്ട് .
വിനേഷ് അയോഗ്യയായ സംഭവത്തില്‍ പ്രതിപക്ഷം ഇന്നലെ രാജ്യസഭയില്‍ വാക്കൗട്ട് നടത്തിയിരുന്നു. അയോഗ്യതയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനു തയാറായില്ലെന്ന് കോണ്‍ഗ്രസ് എം.പി പ്രമോദ് തിവാരി പറഞ്ഞു. തുടര്‍ന്നാണ് ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്. തീർച്ചയായും ബിജെപിക്ക് എതിരെ നല്ലൊരു ആയുധമായി പ്രയോഗിക്കാം എന്ന കണക്ക് കൂട്ടലിൽ തന്നെയാണ് വിനീഷിനെ പാർലമെന്റിലേക്ക് എത്തിക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്. എന്തായാലും ഫോഗാട്ട് വിവാദം ബിജെപിക്ക് രാഷ്ട്രീയപരമായി ഒരു തിരിച്ചറി തന്നെയാണ് എന്നതിൽ സംശയം വേണ്ട. ബ്രിജ് ഭൂഷണ് വേണ്ടി എന്തും ചെയ്യാൻ, ഏത് രീതിയിൽ അധഃപതിക്കാനും തങ്ങൾ തയ്യാറാണെന്ന് തെളിയിക്കുകയാണ് ചില നേതാക്കൾ.