അമേരിക്കയും നാറ്റോയും റഷ്യയെ പേടിക്കുക തന്നെ വേണം; ലോകത്ത് മറ്റാർക്കും ഇല്ലാത്ത ആയുധവുമായി വ്ലാഡിമിർ പുടിൻ
റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇപ്പോൾ നല്കുന്ന എണ്ണ വില്പന തടയുകയും നിരവധി ഉപരോധങ്ങൾ കൊണ്ട് റഷ്യയെ കുരുക്കിലാക്കാനും നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ അവതരിപ്പിക്കുകയാണ് റഷ്യ.
ബ്യൂറെവെസ്റ്റ്നിക് എന്ന് പേരിട്ടിട്ടുള്ള ഈ ക്രൂയിസ് മിസൈല്‍ റഷ്യയുടെ അഭിമാന ആയുധമാണ്. അമേരിക്കയും തമ്മിലുള്ള ദൂരം 9031 കിലോമീറ്റര്‍ ആണെങ്കില്‍, ബ്യൂറെ വെസ്റ്റിനിക് മിസൈലിന്റെ പരിധി എന്നത് പതിനാലായിരം കിലോമീറ്റര്‍ ആണ്. അതായത് അമേരിക്കയില്‍ എവിടെയും ചെന്ന് വീഴാന്‍ ഈ ക്രൂയിസ് മിസൈലിന് കഴിയും എന്നതാണ്.
ഈ മിസൈലിന്റെ പരീക്ഷണം ഒക്ടോബര്‍ 21ന് നടന്നെങ്കിലും, ഇന്നലെ ഒക്ടോബര്‍ 26 ഞായറാഴ്ച പുടിന് റഷ്യന്‍ സായുധസേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായ വലേറി ജെറാസിമോവുമായി ടെലിവിഷനിലൂടെ സംഭാഷണം നടത്തിയിരുന്നു. ഈ ചടങ്ങില്‍ പട്ടാളവേഷത്തില്‍ ആണ് പുടിന് എത്തിയത്. അത് ട്രംപിനുള്ള ഒരു വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. റഷ്യ യുദ്ധത്തിന് സജ്ജമാണ് എന്നത് തന്നെയാണ് ആ സന്ദേശം.
ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ കഴിയുന്നതാണ് ഈ മിസൈലെന്ന് റഷ്യ അവകാശപ്പെടുന്നു. ഒക്ടോബര്‍ 21ന് നടത്തിയ പരീക്ഷണത്തില്‍ 14000 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ മിസൈല്‍ പറന്നത്. ഏകദേശം 15 മണിക്കൂര്‍ സമയം ഈ മിസൈല്‍ അന്തരീക്ഷത്തില്‍ നില്‍ക്കുകയും ചെയ്തു. കുത്തനെ മുകളിലേക്കും ഭൂമിയ്ക്ക് സമാന്തരമായി തിരശ്ചീനമായും പറക്കാന്‍ ബ്യൂറെ വെസ്റ്റിനിക് മിസൈലിന് സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ഭൂമിയുടെ നിരപ്പില്‍ നിന്നും 50 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാൻ കഴിയുന്നത് കൊണ്ട് റഡാറുകള്‍ക്ക് പെട്ടെന്ന് ഇത് കണ്ടുപിടിക്കാന്‍ കഴിയില്ല. മിസൈല്‍ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണം റഷ്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷി ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണെന്ന് വീണ്ടും അടിവരയിട്ട് ഉറപ്പിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും ചേര്‍ന്ന് റഷ്യയെ തകർക്കാൻ ശ്രമിക്കുമ്പോള്‍, റഷ്യയുടെ ദേശീയ സുരക്ഷ ചോദ്യം ചെയ്യാൻ ആരും വരേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ മിസെൽ പരീക്ഷണം.
നാറ്റോ സ്കൈഫാൾ എന്നാണ് ഈ മിസൈലിനെ വിളിക്കുന്നത്. 9 M 730 ബ്യൂറെ വെസ്റ്റ്നിക് മിസൈല്‍ റഷ്യൻ ആക്രമണത്തിന്റെ കുന്തമുനയാണ്. എല്ലാ മിസൈൽ പ്രതിരോധങ്ങളെയും തകര്‍ത്ത് കൃത്യമായി ആണവസ്ഫോടനം നടത്താന്‍ ബ്യുറെ വെസ്റ്റിനിക് മിസൈലിന് സാധിക്കും.
“ലോകത്ത് മറ്റാർക്കും ഇല്ലാത്ത ഒരു അതുല്യമായ ഉപകരണം’ എന്നാണ് പുടിൻ പട്ടാള ജനറല്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ ഈ പുതിയ ആയുധത്തെപ്പറ്റി വിശേഷിപ്പിച്ചത്.
ആണവോര്‍ജ്ജത്തിന്റെ പിന്തുണയോടെയാണ് ബുറെ വെസ്റ്റിനിക് മിസൈല്‍ പറക്കുന്നത്. ആണവ റിയാക്ടറില്‍ നിന്നുള്ള ഊര്‍ജ്ജമുപയോഗിച്ചാണ് മിസൈലിന്റെ പ്രവർത്തനം. 10,000 കിലോമീറ്റര്‍ മുതല്‍ 20,000 കിലോമീറ്റര്‍ വരെ ബ്യുറെവെസ്റ്റിനിക് മിസൈലിന് പറക്കാന്‍ കഴിയും. എന്നാല്‍ ഈ ദൂരത്തിനപ്പുറവും ഈ മിസൈല്‍ എത്തുമെന്നാണ് പറയുന്നത്.
സാധാരണയുള്ള ഇന്ധനങ്ങളില്‍ നിന്നും വ്യത്യസ്തമായി എത്ര ദൂരം വേണമെങ്കിലും മിസൈലിന് പറക്കാൻ പറ്റുന്നത് ആണവറിയാക്ടറില്‍ നിന്നും ശക്തമായ, ഇടതടവില്ലാത്ത ഊര്‍ജ്ജം ലഭിക്കുന്നത് കൊണ്ടാണ്.
വെർട്ടിക്കൽ ആയും പാരലൽ ആയും, ഏതു ആംഗിളുകളിലേക്കും തിരിഞ്ഞും മറിഞ്ഞും പറക്കാന്‍ കഴിയുമെന്നതിനാല്‍ ബ്യൂറെ വെസ്റ്റിനികിനെ തടയാൻ അമേരിക്കയുടെ മിസൈല്‍ പ്രതിരോധം സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്ന് പുടിന് അവകാശപ്പെടുന്നു.
ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് നൽകുന്ന കണക്കുകൾ പ്രകാരം, ലോക ആണവായുധ ശേഖരത്തിന്റെ ഏകദേശം 87% റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണുള്ളത്. റഷ്യക്ക് 5,459 ആണവ യുദ്ധമുനകള്‍ ഉള്ളപ്പോൾ
അമേരിക്കക്ക് 5,177 ആണവ പോര്‍മുനകളാണ് ഉള്ളത്. ഇപ്പോൾ, ബ്യൂറെ വെസ്റ്റ്നിക്കിന്റെ വരവ് കൂടെ ആയപ്പോൾ ആണവ ആക്രമണ ശേഷിയുടെ കാര്യത്തില്‍ റഷ്യ ആധിപത്യം ഉറപ്പിക്കുകയാണ്.













