ബോണ്ടി ബീച്ചിലെ അക്രമി ഹൈദരാബാദ് സ്വദേശി; ഇന്ത്യക്കാരായ പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ടക്കൊലയിലെ അക്രമി ഹൈദരാബാദ് സ്വദേശിയെന്ന് ഓസ്ട്രേലിയൻ പൊലീസ്. നേരത്തെ ഇവർ പാകിസ്ഥാൻ വംശജർ ആണെന്നായിരുന്നു റിപ്പോർട്ടുകൾ.
ഈ അക്രമികളുടെ വേരുകൾ ഇന്ത്യയില്‍ ആണെന്നതും ഇവര്‍ ഓസ്ട്രേലിയായില്‍ എത്തിയത് വിദ്യാര്‍ത്ഥി വിസയില്‍ ആണെന്നുമുള്ള വെളിപ്പെടുത്തല്‍ ആശങ്കയോടെയാണ് പ്രവാസികൾ നോക്കിക്കാണുന്നത്.
പൊതുവെ ഭീകര ആക്രമണങ്ങളില്‍ ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ഉള്‍പ്പെടുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ അപൂർവ്വം ആണെങ്കിലും ജൂത കൂട്ടക്കൊല ലക്ഷ്യം വച്ച് ഹൈദരാബാദ് വേരുകളുള്ള അക്രമി സാജിദ് അക്രവും മകന് നവീദ് അക്രവും ചെയ്തതിന്റെ പരിണത ഫലം അനുഭവിക്കാൻ പോകുന്നത് ഓസ്ട്രേലിയ അടക്കമുള്ള വിദേശ നാടുകളിലെ ഇന്ത്യക്കാരായിരിക്കും.
സ്റ്റുഡന്റ് വിസ അപേക്ഷകള്‍ മുതല്‍ വിദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നടക്കുന്ന ഇമിഗ്രേഷന്‍ പരിശോധനയില്‍ വരെ ബോണ്ടി ബീച്ച് അക്രമത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ വംശജര്‍ നേരിടേണ്ടി വരും എന്നത് ഉറപ്പാണ്. ഇതിനു പുറമെ പല വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരോട് ആ നാട്ടുകാര്‍ കാട്ടിയിരുന്ന സ്നേഹമൊക്കെ ഈ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇല്ലാതാവും.
കാലക്രമേണ അത് വെറുപ്പും ഭീതിയും ഒക്കെയായി മാറുവാനുള്ള സാധ്യത ഏറെയാണ്.
ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസ അപേക്ഷകള്‍ക്ക് ഇനി കര്‍ശന നിയന്ത്രണമുണ്ടാകും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയും ബ്രിട്ടനും കര്‍ശന ഉപാധികള്‍ കൊണ്ടുവന്നതോടെ ഒരു വര്‍ഷമായി മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിന് ശ്രമിച്ചതിരുന്നത് ഓസ്ട്രേലിയ, ന്യുസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ്. ഈ അഞ്ചു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വളരെ പ്രഹനപ്പെട്ട ഒരു കാര്യമാണ്.
ഭീകര ആക്രമണം പോലെയുള്ള വലിയ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ഈ രാജ്യങ്ങൾ പരസ്പരം വിവരങ്ങള്‍ കൈമാറും. ഈ സാഹചര്യത്തില്‍ ബോണ്ടി ബീച്ച് അക്രമം സംബന്ധിച്ചു തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഓസ്ട്രേലിയ മറ്റു നാലു രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യും. അത് ഇന്ത്യക്ക് ദോഷം ചെയ്യും. കാല് നൂറ്റാണ്ട് മുന്‍പ് സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് പ്രധാന അക്രമി സാജിദ് അക്രം.
സാജിതിന്റെ ഇന്ത്യന്‍ ബന്ധവും ഈ ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കുറച്ച് കഷ്ടപ്പെടേണ്ടി വന്നേക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ അതിനായുള്ള ശ്രമം തുടങ്ങിയതായും ഓസ്ട്രേലിയന്‍ സര്‍ക്കാരിന് ആവശ്യമായ എന്ത് വിവരവും കൈമാറാന്‍ തയ്യാറാണെന്ന ഡല്‍ഹിയുടെ നിലപാടും അന്തരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായക്ക് ഇളക്കം തട്ടരുത് എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ്.
കാനഡയും ന്യൂസിലാന്‍ഡും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ചില കര്‍ക്കശ നിലപടുകള്‍ അടുത്തിടെ എടുത്തിരുന്നെങ്കിലും ഓസ്ട്രേലിയ ഇതുവരെ അത്തരം നീക്കങ്ങള്‍ നടത്തിയിരുന്നില്ല. എന്നാൽ ബോണ്ടി ബീച്ച് അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അത് പുനഃ പരിശോധിക്കപ്പെടും എന്നുറപ്പാണ്.
ഓസ്ട്രേലിയൻ ജനതയുടെ രോഷമാണ് അവിടുത്തെ പത്രങ്ങളിൽ ഇപ്പോളത്തെ പ്രധാന വാർത്ത.
ദി കൊറിയര്‍ മെയില്‍ അക്രമിയെ യഥാര്‍ത്ഥ സാത്താന് എന്നാണ് തലകെട്ടില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ദി ഓസ്ട്രേലിയന്‍, ദി അഡ്വെര്ടൈസേര് തുടങ്ങിയ പത്രങ്ങള്‍ സംയമനം പാലിക്കുന്ന തലകെട്ടുകളാണ് നൽകിയത്.
അതേസമയം തന്നെ കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും അമേരിക്കയിലേക്ക് വരാൻ പറ്റില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അഫ്ഗാനിസ്താൻ, മ്യാന്മർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ജൂണിൽ അമേരിക്ക പൂർണ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സിറിയയിൽ യുഎസ് സൈനികരും സാധാരണക്കാരനും കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ട്രംപിന്റെ നീക്കം.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയാണ് ഇന്ത്യയിലെ യുഎസ് എംബസി.
പ്രധാനമന്ത്രി മോദി തങ്ങളുടെ ഉത്കൃഷ്ടനായ സുഹൃത്താണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസ്സി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
“ഇന്ത്യ ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിൻ്റെ ആസ്ഥാനമാണ്. ഇന്ത്യ വിസ്മയകരമായൊരു രാജ്യവും ഇൻഡോ-പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന പങ്കാളിയുമാണ്. പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു വലിയ സുഹൃത്താണ്”- ഇതാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി എംബസ്സിയുടെ എക്സ് പോസ്റ്റിൽ ഉള്ളത്.
ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി എക്സ് പോസ്റ്റിലൂടെ ട്രംപുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് പറഞ്ഞിരുന്നു. യുഎസ് ഏർപ്പെടുത്തിയ തീരുവ നടപടികൾ കാരണം ഉണ്ടായിരുന്ന ചില പിരിമുറുക്കങ്ങൾക്ക് ശേഷം, ഇന്ത്യയും യുഎസും തമ്മിൽ ഒരു വ്യാപാര കരാറിലേക്ക് അടുക്കുന്നു എന്നും സൂചനകളുണ്ട്.













