പ്രവാസികള്‍ക്ക് തിരിച്ചടി? യുഎഇയില്‍ തൊഴില്‍ മേഖലയില്‍ വരുന്നത് വൻ മാറ്റം
അബുദാബി: കേരളത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ട്രെൻഡാണ് ഗള്‍ഫില്‍ പോയി ജോലിനോക്കുകയെന്നത്. യുഎഇയില്‍ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ധാരാളം പ്രവാസി മലയാളികളുണ്ട്.
യുഎഇയിലെ പഠനവും തൊഴിലും സ്വപ്നം കാണുന്ന അനേകം യുവാക്കളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഈ സ്വപ്നത്തിന് വലിയൊരു തിരിച്ചടി മുന്നിലുണ്ടെന്നാണ് യുഎഇയിലെ തൊഴില്‍ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വിദ്യകളിലൊന്നാണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ എഐ. നമ്മളുപയോഗിക്കുന്ന സ്മാർട്ട് ഫോണുകള്‍ മുതല്‍ കമ്ബ്യൂട്ടറുകള്‍ വരെ, ഫേസ്ബുക്ക് മുതല്‍ സ്പോട്ടിഫൈ വരെ സർവവും എഐ മയമാണിന്ന്. ഒരു വ്യക്തിക്ക് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ എത്രമാത്രം കഴിവുണ്ട് എന്നതിനെ അനുസരിച്ചായിരിക്കും തൊഴില്‍ സാദ്ധ്യതയെന്ന് തൊഴില്‍ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ഇന്ന് ആഗോള തൊഴില്‍ മേഖലയില്‍ ഏകദേശം 40 ശതമാനത്തിലധികം എഐയുമായി ബന്ധം പുലർത്തുന്നവയാണ്. ഇത് വികസിത രാജ്യങ്ങളില്‍ 60 ശതമാനത്തിന് മുകളിലാണ്. എഐ ഉപയോഗത്തിലൂടെ ലഭിക്കുന്ന ഉത്പാദനക്ഷമതയും ലാഭവുമാണ് ഇതിന് പിന്നില്‍. എഐ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പരിശോധിക്കാനായി ദുബായ് യൂണിവേഴ്സല്‍ ബ്ളൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്ന പദ്ധതി അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് തൊഴില്‍ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ദുബായിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചീഫ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഓഫീസറെ നിയമിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്. എഐ, വെബ്3 ഇൻകുബേറ്ററുകളും അവതരിപ്പിക്കും. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എഐ വാരവും നടപ്പില്ലാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സ്ഥാപനങ്ങളും തൊഴിലാളികളും എഐയുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും തൊഴിലവസരങ്ങള്‍ കാലക്രമേണ മാറിവരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എഐയുടെ സ്വാധീനം എല്ലാ തൊഴില്‍ മേഖലകളിലുമുണ്ടാവും. ഏകദേശം 40 ശതമാനം തൊഴിലുകളും എഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായിരിക്കും. തൊഴില്‍ വിപണിയെ പിടിച്ചുകുലുക്കുന്ന ഒരു സുനാമിയായിരിക്കും ഭാവിയില്‍ എഐയെന്ന് ഇന്റർനാഷണല്‍ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റലീന ജോർജീവ പറയുന്നു.
എഐ മേഖലയില്‍ തന്നെ വിവിധ തൊഴിലവസരങ്ങളുണ്ടാവുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഡവലപ്പർ, ഡാറ്റ അനിലിസ്റ്റ് എന്നിവർക്ക് വൻ സാദ്ധ്യതകളായിരിക്കും മുന്നിലുള്ളത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തൊഴില്‍ മേഖലയും വികസിക്കും. ഇത് തൊഴിലാളികളുടെ റോളുകളില്‍ മാറ്റം വരുത്തുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.