അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ; മിന്നല്‍ പ്രളയത്തില്‍ 300-ലധികം ആളുകള്‍ മരണപ്പെട്ടു, 1,000-ത്തിലധികം വീടുകള്‍ നശിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 300-ലധികം ആളുകള്‍ മരിക്കുകയും 1,000-ത്തിലധികം വീടുകള്‍ നശിച്ചതായി യുഎൻ ഭക്ഷ്യ ഏജൻസി അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുകയാണ്. വടക്കൻ പ്രവിശ്യയായ ബഗ്ലാനിലാണ് കനത്ത മഴയുണ്ടായത്. തഖർ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ 20 പേരെങ്കിലും മരിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിനാളുകള്‍ പ്രളയത്തില്‍ മരിച്ചതായി താലിബാനും സ്ഥിരീകരിച്ചു.
ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് താലിബാൻ വ്യക്തമാക്കി. വ്യാപകമായ നാശനഷ്ടമുണ്ടായതായും അധികൃതര്‍ പറഞ്ഞു. ബഗ്ലാനില്‍ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേരെ രക്ഷിച്ചതായും താലിബാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏപ്രിലില്‍ കുറഞ്ഞത് 70 പേരെങ്കിലും മരിച്ചതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. രണ്ടായിരത്തോളം വീടുകള്‍ക്കും മൂന്ന് പള്ളികള്‍ക്കും നാല് സ്കൂളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.