നിസ്സഹായർ; ഇതുവരെ പലായനം ചെയ്തത് 1,10000 ഫലസ്തീനികൾ..
അൽ-ഷിഫ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 49 മൃതദേഹങ്ങൾ
റഫയിൽ ഇസ്രായേല്‍ ആക്രമണം കനപ്പിക്കുന്നതിനിടെ, നിലവിൽ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര് പലായനം ചെയ്തതായി റിപ്പോർട്ടുകൾ . ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്.ഡബ്ള്യു.എ ആണ് ഇക്കാര്യം വെള്ളിയാഴ്ച അറിയിച്ചത് . റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് സ്വന്തം നാട് വിട്ട് പോവുകയാണ്.
ഗസ്സയില്‍ ഒരു സ്ഥലവും സുരക്ഷിതമല്ലന്നും . സാഹചര്യങ്ങള്‍ ക്രൂരമാണ് എന്നും . ഒപ്പം ഒരേയൊരു പ്രതീക്ഷ അടിയന്തര വെടിനിര്‍ത്തല്‍ മാത്രമാണെന്നും ആണ് യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞത് .
തിങ്കളാഴ്ച കിഴക്കന്‍ റഫയിലെ ഫലസ്തീനികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. തൊട്ട് അടുത്ത ദിവസം ഗസ്സയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയുടെ നിയന്ത്രണവും സൈന്യം പിടിച്ചെടുത്തു. കൂടാതെ എല്ലാവിധ ഗതാഗത സംവിധാനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടതടവില്ലാതെ ഇസ്രായേല്‍ സൈന്യം ജനങ്ങളോട് പലായനം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ടെക്സ്റ്റ് മെസേജ്, ഫോണ്‍ കോള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് സൈന്യം മുന്നറിപ്പ് നല്‍കുന്നത്.
റഫയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരും രോഗികളുമെല്ലാം സുരക്ഷിത ഇടം തേടി അലയുകയാണ്. അതിര്‍ത്തികള്‍ അടച്ചതോടെ മാനുഷിക സഹായ വിതരണവും നിലച്ചിട്ടുണ്ട്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഭക്ഷണവും വെള്ളവും മറ്റു അവശ്യവസ്തുക്കളും ലഭിക്കാതെ പട്ടിണി വ്യാപിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്തവരടക്കം 15 ലക്ഷത്തോളം ഫലസ്തീനികള്‍ തെക്കന്‍ ഗസ്സയിലെ റഫയില്‍ താമസിക്കുന്നുണ്ട്.
അതെ സമയം ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തിയതാണ് മറ്റൊരു വേദന ഉണർത്തുന്ന വാർത്ത . ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. 49 മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തിയത് . തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ശേഷം ഗസയിൽ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്.ഇസ്രായേൽ ക്രൂരത എത്രത്തോളം ആണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ കൂട്ടക്കുഴിമാടങ്ങൾ.
ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.ഫലസ്തീനികളോടുള്ള ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയുടെ കൂടുതൽ തെളിവാണ് പുതിയ കൂട്ടക്കുഴിമാടമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രിജീവനക്കാർ, രോഗികൾ, കുടിയിറക്കപ്പെട്ടവർ, സാധാരണക്കാർ, കുട്ടികൾ എന്നിവരാണ് കൊലപ്പെട്ടവരിലേറെയും.ഗസ്സയിലെ ആശുപത്രികളിൽ കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തിൽ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അൽ-ഷിഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു. കൂട്ടക്കൊല ചെയ്ത് ഇസ്രായേൽ സൈന്യം കുഴിച്ചിടുകയായിരുന്നുവെന്നാണ് ഗസ്സയിലെ ജനങ്ങൾ പറയുന്നത്. കൂട്ടക്കുഴിമാടം ഉണ്ടാക്കി ആളുകളെ കൊന്ന്കുഴിച്ചുമൂടുന്നത് നേരിൽ കണ്ടതായ ആശുപത്രി ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,904 ആയി.
ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റഫയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കാനൊരുങ്ങുന്നത്. എന്നാല്‍, ഇതിനെതിരെ അമേരിക്കയടക്കം രംഗത്തുവന്നിട്ടുണ്ട്. റഫ ആക്രമിച്ച് ഹമാസിനെ ഇല്ലാതാക്കാമെന്നത് ഇസ്രായേലിന്റെ വ്യാമോഹം മാത്രമാണെന്നാണ് അമേരിക്കയുടെ പക്ഷം.
റഫയെ ആക്രമിച്ച് ഇസ്രായേലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രസിഡന്റ് ജോ ബൈഡന് വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കെര്‍ബി പറഞ്ഞു. ഹമാസിന് കാര്യമായ തിരിച്ചടികള്‍ ഇസ്രായേല്‍ സൈന്യം നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ നാശനഷ്ടം വരുത്തുന്ന ആക്രമണത്തേക്കാള്‍ ഹമാസിനെതിരെ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.