യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു
ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു.
ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി ഏറ്റെടുത്തു. കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തടസ്സമില്ലാതെ യാത്ര തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അമേരിക്കന്‍ സേനയുടെ എം ക്യു 9 എന്ന റീപ്പര്‍ ഡ്രോണ്‍ തകര്‍ത്തതെന്ന യഹ്യയുടെ അവകാശവാദത്തോട് യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യെമനില്‍ യുഎസ് ഡ്രോണ്‍ തകര്‍ന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹൂതികള്‍ വെടിവെച്ചിട്ട മൂന്നാമത്തെ യുഎസ് ഡ്രോണാണിത്. കഴിഞ്ഞ നവംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് ഇതിനു മുന്‍പ് ഡ്രോണ്‍ തകര്‍ത്തത്.
എം വി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന എണ്ണക്കപ്പലിന് നേരെ രണ്ടു തവണ ആക്രമണം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു, യെമനിലെ അല്മുഖയ്ക്ക് (മോച്ച) സമീപമാണ് ആന്‍ഡ്രോമിഡ സ്റ്റാര്‍ ആക്രമിക്കപ്പെട്ടത്. ആദ്യത്തെ സ്ഫോടനം കപ്പലിന് അടുത്തായി സംഭവിച്ചു. തുടര്‍ന്ന് മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാട് സംഭവിച്ചു.