ഗസ്സയിൽ നിന്നും ഇസ്രായേൽ പിൻമാറുക ; ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇന്ന് വാദം തുടങ്ങും
ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിൻമാറ്റം ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇന്ന് വാദം ആരംഭിക്കും. വംശഹത്യാ കേസിൽ റഫക്കു നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണത്തെ ചോദ്യം ചെയ്ത് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇന്നും നാളെയും വാദം കേൾക്കുക. റഫ ആക്രമണം വംശഹത്യക്ക് ആക്കം കൂട്ടുന്ന സാഹചര്യമാണെന്നും അടിയന്തരമായി ഗസ്സയിൽ നിന്ന് മടങ്ങാൻ ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്നും ദക്ഷിണാഫ്രിക്ക വാദിക്കും. ഈജിപ്ത് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
1948ൽ ഫലസ്തീൻ മണ്ണിൽ നിന്ന് ജനങ്ങൾ ആട്ടിയോടിക്കപ്പെട്ടതിന്റെ 76-ാം വാർഷിക ദിനം കൂടിയായിരുന്നു ഇന്നലെ. എല്ലാ പ്രതികൂലതകൾക്കിടയിലും ലോകമൊന്നടങ്കമുള്ള യുവത ഫലസ്തീൻ പ്രശ്നം ഏറ്റെടുത്തത് ആവേശകരമാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. യുദ്ധത്തിന്റെ എട്ടാം മാസത്തിലും ഹമാസ് പേരാളികൾക്കു മുന്നിൽ ഇസ്രായേൽ സൈന്യം പതറുകയാണെന്നും ഹനിയ്യ വ്യക്തമാക്കി.
റഫ ആക്രമണത്തെ തുടർന്നുളള ഭിന്നതക്കിടയിലും ഒരു ബില്യൻ ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ഇത്തരം നീക്കങ്ങളിൽ നിന്ന് ബൈഡൻ പിൻവാങ്ങണമെന്ന് അമേരിക്കൻ പ്രതിനിധി സഭാംഗം ഇൽഹാൻ ഒമർ ആവശ്യപ്പെട്ടു.
അതിനിടെ, യുദ്ധാനന്തരം ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള സർക്കാർ വേണമെന്ന നെതന്യാഹുവിന്റെ വാദം തള്ളി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രംഗത്തുവന്നു. ഹമാസ് അല്ലാത്ത ഫലസ്തീൻ സർക്കാരാണ് ഗസ്സയിൽ വരേണ്ടതെന്ന് ഗാലന്റ് പറഞ്ഞു. എന്നാൽ ഗസ്സയിൽ ഫലസ്തീൻ അതോറിറ്റിയുടെ ഭരണവും അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹു പ്രതികരിച്ചു. നിരവധി സൈനികർ കൊല്ലപ്പെടുമ്പോൾ സർക്കാർ മന്ത്രിമാർ വാദപ്രതിവാദത്തിൽ ഏർപ്പെടുകയാണെന്ന് പ്രതിപക്ഷ തനേതാവ് യായിർ ലാപിഡ് കുറ്റപ്പെടുത്തി.
അതേസമയം, റഫ ആക്രമണത്തോടെ വഷളായ ഈജിപ്ത് ബന്ധം പുനഃസ്ഥാപിക്കാൻ ഇസ്രായേൽ സംഘം കെയ്റോയിൽ എത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉയർന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോർട്ട്. ഗസ്സയിലേക്ക് അടിയന്തരമായി സഹായം ഉറപ്പാക്കാനുള്ള നീക്കം ഉണ്ടായില്ലെങ്കിൽ കൂട്ടമരണം ഉറപ്പാണെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്നലെ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം കോടതിക്കു മുമ്പാകെ നിലപാട് വാദിക്കാൻ സംഘത്തെ അയക്കാൻ തീരുമാനിച്ചു. ആത്മരക്ഷാർഥമുള്ള ഗസ്സ യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ തടയാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഫലസ്തീന് യു.എന്നിൽ പൂർണ അംഗത്വ പദവി നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഇസ്രായേൽ പറഞ്ഞു.
അതേസമയം, വടക്കൻ, തെക്കൻ ഗസ്സകളിൽ വ്യാപക ആക്രമണം ഇസ്രായേൽ തുടരുകയാണ്. ഇന്നലെ മാത്രം 60 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 35,233 ആയി. ജബാലിയ ക്യാമ്പിനു സമീപം നടത്തിയ ബോംബാക്രമണത്തിൽ ഒമ്പത് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.