ഗാസ പൂർണ്ണമായും കീഴടക്കാൻ ഇസ്രായേൽ സൈന്യം തയ്യാറാവുന്നു; നേതാക്കളില്ലാതെ ഉഴലുന്ന ഹമാസ് തിരിച്ചടിക്കുമോ??

ഗാസ നഗരം പൂർണ്ണമായും ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഇസ്രയേല്‍ അറിയിക്കുന്നു. ആക്രമണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും, പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്സ് ഇതിന് അനുമതി നല്‍കിയെന്നുമാണ് സൈനിക വക്താവ് പറയുന്നത്. സെപ്തംബര്‍ ആദ്യവാരത്തോടെ സേനാ നീക്കം ആരംഭിക്കുമെന്നാണ് ഇസ്രയേല്‍ കാട്സിന്റെ പ്രതികരണം.
മേഖലയില്‍ അറുപതിനായിരത്തോളം സൈനികരെയാണ് വിന്യസിപ്പിക്കുന്നത്. എന്നാൽ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാത്ത ഇസ്രായേലിനെ വിമര്‍ശിച്ച് കൊണ്ട് ഹമാസ് രംഗത്ത് വന്നിട്ടുണ്ട്. നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്താൻ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും തടസപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ ആരോപണം.
അതേസമയം തന്നെ ഗാസ സിറ്റി ഏറ്റെടുക്കുന്ന വിഷയത്തിൽ ഇസ്രയേല്‍ ജനതയില്‍ നിന്നും സഖ്യ കക്ഷികളില്‍ നിന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ തീരുമാനം രണ്ടിടത്തെയും ആളുകള്‍ക്ക് ദുരന്തമുണ്ടാക്കുമെന്നും പ്രദേശത്തെ ഒരു സ്ഥിരം യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അഭിപ്രായപ്പെട്ടു.
ഇതുവരെയും ഇസ്രായേല്‍ കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില്‍ പൂര്‍ണമായി ഫലസ്തീനികളെ ഒഴിപ്പിക്കാനാണ് പുതിയ നീക്കം. ഹമാസിന്റെ ശക്തികേന്ദ്രവും ഭരണസിരാ കേന്ദ്രവുമായ ഗസ്സ സിറ്റിയിലെ വിശാലമായ തുരങ്കങ്ങള്ക്കകത്താണ് ബന്ദികളെ പാര്‍പ്പിച്ചതെന്ന് ഇസ്രായേല്‍ കരുതുന്നു. പുതിയ സേനാ നീക്കം ഈ ബന്ദികളുടെ കൊലപാതകത്തില്‍ അവസാനിക്കാനും സാധ്യതയുണ്ട്. സൈന്യത്തിനകത്തു തന്നെ കടുത്ത പുതിയ നീക്കത്തിൽ എതിര്‍പ്പുണ്ട്. കൂടാതെ ബന്ദികളുടെ കുടുംബങ്ങളും ഇതിനെതിരാണ്.
എന്നാൽ യുദ്ധം ഇപ്പോൾ ഒരു ആഘോഷമാക്കി മാറ്റുകയാണ് ഇസ്രായേലി സൈനികർ. മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാത്തവർ അവരുടെ അഭിമാനത്തിനും പുല്ലുവിലയാണ് നൽകുന്നത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ മാത്രം 81 പേരാണ് കൊല്ലപ്പെട്ടത്. പട്ടിണിയെ തുടര്‍ന്ന് മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ പട്ടിണി കൊണ്ട് മാത്രം മരിച്ചത് 269 പേരാണ്. അതില്‍ 112ഉം കുട്ടികളാണ്.
ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രയേലി സൈനികരുടെ ക്രൂരതകളെക്കുറിച്ച് പലപ്പോഴായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വീടുകൾ ആക്രമിച്ച ശേഷം സ്ത്രീകളുടെ മേൽ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ധരിച്ച് സൈനികർ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവങ്ങളുണ്ട്. ബോറടി മാറ്റാൻ വേണ്ടി ഗാസയിലെ സാധാരണക്കാരെ വെടിവെച്ച് കൊല്ലുന്നതും സൈനികർക്കിടയിൽ പതിവാണ്.
ബിബിസി നടത്തിയ അന്വേഷണത്തിൽ, കൊല്ലപ്പെട്ട 160 കുട്ടികളിൽ 95 പേർക്കും തലയിലോ നെഞ്ചിലോ വെടിയേറ്റിരുന്നു എന്ന് കണ്ടെത്തി. ഇത് മുറിവുണ്ടാക്കാൻ’ വേണ്ടിയുള്ള വെടിവെയ്പ്പുകളല്ല, മറിച്ച് കുഞ്ഞുങ്ങളെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയുള്ള നീക്കങ്ങളാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഭക്ഷണം മേടിക്കാൻ തടിച്ച് കൂടുന്ന സാധാരണക്കാരെയും ഇസ്രയേലി സൈനികർ ഷൂട്ടിങ് പരിശീലനത്തിനായി ഉപയോഗിക്കുന്നു എന്ന് ബ്രിട്ടീഷ് സർജൻ നിക്ക് മെയ്നാർഡ് അന്തർദേശീയ മാധ്യമമായ അൽ ജസീറയോട് പറഞ്ഞിരുന്നു.
പലസ്തീൻകാർ എന്നൊരു വംശത്തെ തന്നെ, ലോകത്ത് നിന്നും തുടച്ച് നീക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ ഇസ്രായേൽ നടത്തുന്നത്. ഒക്ടോബർ 7 എന്ന ദിവസം ഇസ്രായേൽ മറക്കാനിടയില്ല . പേരുകേട്ട ഇസ്രായേല്‍ പ്രതിരോധങ്ങളെയെല്ലാം കീറിമുറിച്ചുകൊണ്ട് ഹമാസ് പ്രവർത്തകർ രാജ്യത്തേക്ക് കടന്നു കയറി നടത്തിയ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇസ്രായേലിന് വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്തു. അതിന്റെ രണ്ടാം വാർഷികം എത്തുന്നതിന് മുന്നേ ഗാസ പൂർണ്ണമായും തങ്ങളുടേതാക്കി മാറ്റാനാണ് ഇസ്രായേൽ ഇപ്പോൾ ശ്രമിക്കുന്നത്.