പലസ്തീനികളെ ഒരു ചെറിയ മേഖലയിലേക്ക് ഒതുക്കും, ഹമാസിനെ തുടച്ച് നീക്കും; പുതിയ നീക്കങ്ങളുമായി അമേരിക്കയും ഇസ്രയേലും
ഗാസയെ വിഭജിച്ചുകൊണ്ട്, ഒരു ഇസ്രായേലി – അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി അമേരിക്ക എത്തിയിട്ടുണ്ട്. ഇതോടെ, പലസ്തീനികൾ ഗാസയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള ‘റെഡ് സോണി’ലേക്ക് പൂർണ്ണമായി മാറ്റപ്പെടും.
അമേരിക്കൻ സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഗാസയിൽ പലസ്തീൻ ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് അമേരിക്ക തന്ത്രപരമായി പിന്മാറുകയാണ് ഈ നീക്കത്തിലൂടെ.
ഇതിനുപകരം, ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന് ഒത്താശ നൽകുന്നതാണ് പുതിയ നീക്കം. ‘ഗ്രീൻ സോണി’നും ‘റെഡ് സോണി’നും ഇടയിലുള്ള ഇടനാഴിയിൽ, അതിനെ യെല്ലോ സോൺ എന്നാണ് പറയുന്നത്, അവിടെ ഇസ്രായേൽ സൈന്യവും അന്താരാഷ്ട്ര സേനയും നിലയുറപ്പിക്കും.
പദ്ധതി പ്രകാരം ബോംബ് നിർവീര്യമാക്കൽ, ചികിത്സ എന്നിവയിൽ വൈദഗ്ധ്യമുള്ള 1500 ബ്രിട്ടീഷ് സൈനികർ, കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ റോഡ് വൃത്തിയാക്കാൻ 1000 ഫ്രഞ്ച് സൈനികർ തുടങ്ങിയവർ ഗാസയിലെത്തും. ജർമനി, നെതർലൻഡ്സ്, നോർഡിക് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സൈനികർ നയിക്കുന്ന ഫീൽഡ് ആശുപത്രികളുണ്ടാകും. ചരക്കുനീക്കം, രഹസ്യാന്വേഷണം എന്നിവയും അന്താരാഷ്ട്ര സൈനികരുടെ മേൽനോട്ടത്തിലാകും നടക്കുന്നത്.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇടക്കിടെ ഇസ്രായേൽ ആക്രമണം നടത്തുന്നുമുണ്ട്. അതേസമയം ഗാസയെ വിഭജിക്കാനുള്ള ദീർഘകാല പദ്ധതിയാണ് ഇതെന്നാണ് ‘ഗാർഡിയൻ’ വിശേഷിപ്പിക്കുന്നത്. എന്നാൽ, വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും അമേരിക്കൻ പദ്ധതിയിൽ വിയോജിപ്പുള്ളതായാണ് വിവരം. ഇത് യുദ്ധവുമല്ല, സമാധാനവുമല്ല എന്നാണ് അവരുടെ പ്രതികരണം.
യെല്ലോ ലൈനിന്റെ പടിഞ്ഞാറൻ ഭാഗത്ത് സൈനിക സാന്നിധ്യമുണ്ടാകില്ല. പക്ഷേ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ പകുതിയിലേക്ക് മാത്രമായി ഫലസ്തീനികൾ ഒതുങ്ങേണ്ടി വരും. അവിടത്തെ പുനർനിർമാണത്തിന് വ്യക്തമായ യാതോരു പദ്ധതിയുമില്ല. സഹായവസ്തുക്കളും പുനർനിർമാണത്തിനുള്ള വസ്തുക്കളും സുഗമമായി ഗസ്സയിലേക്ക് എത്തുമോ എന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. റഫയിലെ ഇസ്രായേൽ സൈന്യത്തിന്റെ നിരീക്ഷണം കടന്നുവേണം എല്ലാ രാക്കുകൾക്കും ട്രക്കുകൾക്ക് ഗാസയിലേക്ക് കടന്നുവരാൻ.
എന്നാലിപ്പോൾ ഹമാസ് ആണ് കുറെ മേഖലകളിൽ ചരക്ക് നീക്കം നിയന്ത്രിക്കുന്നത്. അവിടെ നിന്നും ഹമാസിനെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളാണ് ഇനി അമേരിക്കയും ഇസ്രയേലും നടത്തുക. ഗാസയിലെ ഫലസ്തീനികളെ വളരെ ചെറിയ ഒരു പ്രദേശത്തേക്ക് ഒതുക്കി കഴിഞ്ഞാൽ, ബാക്കിയുള്ള ഭൂരിഭാഗം പ്രദേശത്തും എന്താണ് ചെയ്യുക എന്നതിനും വ്യക്തമായ പ്ലാനൊന്നുമില്ല.
യുഎൻ ഡാറ്റ പ്രകാരം,മിക്കവാറും എല്ലാ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ ഗസ്സയിലെ 80ശതമാനത്തിലധികം കെട്ടിടങ്ങളും യുദ്ധത്തിൽ തകർന്നതോ നശിപ്പിക്കപ്പെട്ടതോ ആണ്. വെടിനിർത്തൽ ആരംഭിച്ച് ഒരു മാസത്തിലേറെയായിട്ടും ഇസ്രായേൽഗസ്സയിലേക്കുള്ള സഹായ കയറ്റുമതി പരിമിതപ്പെടുത്തുന്നത് തുടരുകയാണ്.
ടെന്റ്, തൂണുകൾ പോലുള്ള അടിസ്ഥാന വസ്തുക്കൾ ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് തടസ്സപ്പെടുത്തുന്നു. ഏകദേശം 15 ലക്ഷം ഫലസ്തീനികൾ അടിയന്തര ഷെൽട്ടർ ഇനങ്ങൾക്കായി കാത്തിരിക്കുകയാണ്. കൂടാതെ ലക്ഷക്കണക്കിന് പേർ ശുദ്ധജലം പോലുള്ള അടിസ്ഥാന സേവനങ്ങൾ ലഭ്യമല്ലാത്ത ടെന്റുകളിൽ ആണ് കഴിയുന്നത്. ഏകദേശം മുഴുവൻ ജനങ്ങളും റെഡ് സോണിലാണ്. ഗസ്സയുടെ ഉപരിതല വിസ്തൃതിയുടെ പകുതിയിൽ താഴെ മാത്രം വരുന്ന തീരപ്രദേശത്തുള്ള ഈ ചെറിയ സ്ഥലത്താണ് ഇത്രയും പേര് ദുരിതപൂർണ്ണമായ ജീവിതം തള്ളിനീക്കുന്നത്.













